എറണാകുളം : തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ പിടിയിൽ (Thrippunithura Churakad Blast Case). ഉത്സവക്കമ്മിറ്റി പ്രസിഡന്‍റ് ഉൾപ്പടെ 9 പേരെ ഹിൽപാലസ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്നാറിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്‌റ്റേഷനിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
അതേസമയം ചൂരക്കാട് സ്ഫോടനക്കേസിൽ നാല് പേരാണ് നിലവിൽ റിമാന്‍ഡിലുള്ളത്. പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ് കുമാർ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തത്. പുതിയകാവ് സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, കരാറുകാരൻ ആദർശ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അതേസമയം വെടിക്കെട്ടിന് കൂടുതൽ ശബ്‌ദവും വെളിച്ചവും കിട്ടാൻ നിരോധിത രാസ സംയുക്തമായ പൊട്ടാസ്യം ക്ലോറേറ്റ് പടക്ക നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇത്തരമൊരു സംശയത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ചൂരക്കാട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പൊട്ടാസ്യം ക്ലോറേറ്റ് ചെറിയൊരു ഉരസൽ ഉണ്ടായാൽ തന്നെ തീപിടിക്കാൻ സാധ്യതയുള്ള രാസവസ്‌തുവാണ്. പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ തീപിടിത്തവും ഇതേ തുടർന്നുണ്ടായ ഉഗ്രസ്ഫോടനവും നിരോധിത രാസവസ്‌തു കാരണമാണോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. പടക്ക നിർമ്മാണത്തിന് നിരോധിത രാസവസ്‌തുക്കൾ ഉപയോഗിച്ചോയെന്ന് ശാസ്‌ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
പടക്കം സൂക്ഷിക്കുന്ന സ്ഥലത്തിന്‍റെ 45 മീറ്റർ ചുറ്റളവിൽ മറ്റൊരു കെട്ടിടവും ഉണ്ടാവാൻ പാടില്ലായെന്നതാണ് നിയമം. എന്നാൽ സ്ഫോടനം നടന്ന ചൂരക്കാട് പടക്കം സൂക്ഷിച്ച കെട്ടിടവും വീടുകളും തമ്മിലുള്ള അകലം പത്ത് മീറ്ററിൽ താഴെയാണ്. ഈ കാരണത്താലാണ് സ്ഫോടനത്തില്‍ സമീപത്തെ വീടുകൾക്ക് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ചത്. അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്‌തതിന് ക്ഷേത്രഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.