എറണാകുളം : തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. ബിനോയ് സ്റ്റാൻലിയെ കൊലപ്പെടുത്തിയ അയൽവാസിയായ അലനെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. തോപ്പുംപടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരാണ് കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി പൊലീസ് ഇതര ജില്ലകളിലേക്ക് ഉൾപ്പടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മയക്കുമരുന്നിന് അടിമയായ പ്രതിയെ ഡീ-അഡിക്ഷൻ സെൻ്ററിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ബിനോയിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ബുധനാഴ്‌ച വൈകുന്നേരം ഏഴേമുക്കാലോടെയാണ് തോപ്പുംപടിയിലെ കടയിൽ ബിനോയ് സ്റ്റാൻലി കുത്തേറ്റ് മരിച്ചത്. അയൽവാസിയായ അലൻ വാക്കുതർക്കത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി അലൻ, ബിനോയിയുമായി തർക്കിക്കുകയും കയ്യിൽ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയുമായിരുന്നു.