കേരളം

kerala

ETV Bharat / state

നെല്ലിനും 'പിറന്ന' നാള്‍ : പാരമ്പര്യ തനിമയിൽ മകം കുളിപ്പിക്കൽ ചടങ്ങ് ആഘോഷമാക്കി വയനാട്ടിലെ കുറിച്യ സമുദായം

കാർഷിക സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ആചാര അനുഷ്‌ഠാനങ്ങൾ.

By ETV Bharat Kerala Team

Published : 4 hours ago

paddy cultivation stories  wayand Kurichya farmers  Birthday Of paddy Crops Celebrated  കാർശിക വാർത്തകള്‍ കേരളം
Kurichya Farmers Special Rituals (ETV Bharat)

യനാടിന് നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, ജീവിതവുമായി വിളക്കി ചേർത്ത ഒരു സംസ്‌കാരം കൂടിയാണ്. ഉത്തരേന്ത്യയിൽ നിന്നും ഇടവേളയില്ലാതെ വന്നെത്തുന്ന അരിവണ്ടി കാലത്തിനും മുമ്പേ, ഈ നാടിന്‍റെ സംസ്‌കാരത്തിന് ജീവിതഗന്ധമുള്ള ഒരു നെൽ കഥ പറയാനുണ്ടായിരുന്നു. പാടത്ത് നിന്നും പത്തായത്തിലേക്ക് വന്ന ദൈവത്തിന്‍റെ ഉതിർമണികളായിരുന്നു ഈ നെൽമണികൾ. എല്ലാ വർഷവും മുടങ്ങാതെ മകം നാളിൽ നെല്ലിന്‍റെ പിറന്നാൾ ആഘോഷിക്കുന്നവർ ഇന്നും വയനാട്ടിലുണ്ട്.

ആദിവാസി വിഭാഗത്തിലെ കുറിച്യരാണ് നെല്ലിന്‍റെ പിറന്നാൾ ദിനത്തിൽ മകം കുളിപ്പിക്കൽ ചടങ്ങ് നടത്തുന്നത്. വയനാട്ടിൽ പഴയതുപോലെ നെൽ വയലുകളില്ല. കാർഷിക ആചാരങ്ങളില്ല. പഴമയുടെ പച്ചപ്പു നിറഞ്ഞ ഓർമ്മകളുടെ പാടത്ത് ഐശ്വര്യത്തിന്‍റെ നിലവിളക്ക് കൊളുത്തിയായിരുന്നു മകം നാളിൽ വയനാട്ടിലെ ശേഷിക്കുന്ന പരമ്പരാഗത നെൽകർഷകർ നെല്ലിന്‍റെ പിറന്നാൾ ആഘോഷിച്ചത്. കതിരു നിരക്കുന്ന പാടത്ത് നിന്നും ആദ്യം പൂവിട്ട് വളർന്ന നെല്ലോലകൾ കന്നിയിലെ മകം നാളിൽ വീടിന്‍റെ മുറ്റത്തേക്ക് ആനയിച്ചായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള നെല്ലുകുളിപ്പിക്കൽ ചടങ്ങ് നടന്നത്.

വയനാട്ടിലെ കുറിച്യ സമുദായത്തിന്‍റെ പ്രത്യേക കാർഷിക ആചാരം (ETV Bharat)

വയനാടിന്‍റെ പോയതലമുറകൾക്കൊപ്പം വിസ്‌മൃതിയിലാവുന്ന ഈ ചടങ്ങ് ഇന്ന് ചില പരമ്പരാഗത കർഷകരിൽ മാത്രം ശേഷിക്കുന്നു. ഇത്തവണയും. മാനന്തവാടി എടത്തനയിലെ പാലോട് കുറിച്യ തറവാട് പരമ്പരാഗത സങ്കൽപ്പങ്ങളെ ഹൃദയത്തോട് ചേർത്തു. ഇതുവരെയും മുടങ്ങാത്ത നെൽകൃഷിയുടെ പച്ചപ്പിനുള്ളിൽ ഒരു പുതിയ കാലത്തെ ഇവർ പഴമകളുടെ പെരുമയോടെ വരവേറ്റു. നാൽപ്പതോളം അംഗസംഖ്യയുള്ള പാലോട്ട് തറവാട്ടിൽ എല്ലാവരും അതിരാവിലെ കുളിച്ചൊരുങ്ങി മകം ചടങ്ങുകൾക്കായി ഒത്തുകൂടി.

മുറത്തിലെ നാക്കിലയിൽ അരിമണിയും പൂവിതളുകളും പ്രസാദവുമായി നിലവിളക്കേന്തിയാണ് കതിര് കുളിപ്പിക്കൽ ചടങ്ങിന് ഇവർ പച്ചപ്പ് പരന്ന പാടത്തേക്ക് എത്തിയത്. കതിരിട്ടു വരുന്ന വയൽവക്കിലെ വരമ്പിൽ ഇതെല്ലാം ഒരുക്കിവെച്ച് തേങ്ങയുടച്ച് കാരണവർ തെളിനീർ കതിരിലേക്ക് വീഴ്ത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഒരാണ്ടിന്‍റെ കരുതലായി കാലം ഏൽപ്പിച്ചു നൽകുന്ന കതിർമണികളെ പൂജിച്ച് ഇവിടെ നിന്നും മുറിച്ചെടുക്കുന്ന ഏഴോളം പാൽക്കതിരോലകൾ നാക്കിലയിൽ മടക്കി തലയിലേന്തിയാണ് കൂട്ടത്തിലൊരാൾ കളത്തിലേക്ക് നടക്കുക. നിശബ്‌ദമായാണ് ഈ യാത്ര.

കളത്തിൽ ചാണകം മെഴുകിയ പ്രത്യേകയിടത്ത് നാക്കിലയിൽ രണ്ടു കതിർ വെക്കും. ബാക്കിയുള്ളത് തറവാടിന്‍റെ അകത്തളങ്ങളിലെ പ്രത്യേക പൂജാ സ്ഥലത്ത് എത്തിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയായി. പിന്നീട് ഉച്ചയ്ക്ക് എല്ലാവർക്കും കുത്തരിയുടെ പായസം ഉൾപ്പെടെയുള്ള സദ്യയും നൽകും. വൈകീട്ട് ഈ നെൽകതിർ വീടിന്‍റെ ഉമ്മറത്തുള്ള കഴുക്കോൽ വളയിൽ കെട്ടിയിടും. ഇത് നെല്ല് കൊയത്ത് കയറ്റുന്നത് വരെയും ഇവിടെ ഉണ്ടാകണമെന്നാണ് നിശ്ചയം. മകംനാളിൽ കതിര് കുളിപ്പിച്ചും വിഷുവിന് ഉഴുതുമുറിച്ച പാടത്ത് വിത്തിട്ടും കൊയ്ത്തുകാലത്തിന് തുടക്കമായി പുത്തരി ആഘോഷിച്ചുമായിരുന്നു നെല്ലിനെ കർഷകജനത ആദരവോടെ കണ്ടത്.

ഒരു കാലത്ത് വയനാട്ടുകാരുടെ ജീവിതശൈലിയിൽ ഒഴിച്ച് കൂടാനാവാത്തതായിരുന്നു ഇതെല്ലാം. തികഞ്ഞ ആദരവോടെ മുൻകാല കർഷക ജനത ഇതെല്ലാം കാലങ്ങളോളം കാത്തുവെച്ചു. സ്വയംപര്യാപ്‌തമായ ഭൂതകാലം പോയ്‌മറഞ്ഞു. കന്നുകാലികളും കാർഷിക ഉപകരണങ്ങളുമില്ലാത്ത ആധുനിക വയനാട് അരി കാത്തുകഴിയുകയാണ്. കർഷക നാടിന്‍റെ വിശപ്പകറ്റാൻ പകൽ മുഴുവനും നുകം തോളിലേന്തിയ ഉഴവ് കാളകളും അറവ്ശാലയിലേക്ക് നടന്നുനിങ്ങി. മൂന്നും നാലും ജോഡി ഉഴവുമാടുകൾ മുമ്പ് കാലത്ത് കർഷകർക്കെല്ലാം സ്വന്തമായി ഉണ്ടായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലാഭനഷ്‌ട കണക്കുകൾ നോക്കാതെ ഇവയൊക്കെ സ്വതന്ത്രമായി കർഷകർക്ക് കൂട്ടായി നിന്നിരുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിൽ വളരെക്കാലം ഇവ മേഞ്ഞുനടന്നു. ആദിവാസികൾക്ക് വരുമാനമായ ഒരു തൊഴിൽ കൂടിയായിരുന്നു 'കാലിനോട്ടം'. വിശാലമായ പാടത്തിന്‍റെ നടുക്ക് മുളകമ്പുകൾ ആഴത്തിൽ താഴ്ത്തി വേലികെട്ടി അതിനുള്ളിലാണ് ഒരുപറ്റം കന്നുകാലികളെ സന്ധ്യയാവുമ്പോഴേക്കും ഒന്നിച്ചുകയറ്റുക. പിടാവുകൾ എന്നാണ് ഈ തൊഴുത്തുകൾ പഴയകാലത്ത് അറിയപ്പെട്ടിരുന്നത്.

ഇവിടെ അടിഞ്ഞുകൂടുന്ന ചാണകം പുതുമഴയത്ത് വയലിലൊന്നാകെ പരന്നൊഴുകുന്നതും പതിവാണ്. അങ്ങിനെ ഫലഭൂയിഷ്‌ടമായ നിലം ഒരുക്കുന്നതിൽ കന്നുകാലികളും ഭാഗഭാക്കായി. നഞ്ചയും പുഞ്ചയും മാറിമാറി കൃഷി നടന്നിരുന്ന കാലഘട്ടത്തിൽ ഈ കന്നുകാലികളും നെല്ലുൽപ്പാദനത്തിനായി അക്ഷീണം പണി ചെയ്‌തു. ഒടുവിൽ അരുമ മൃഗങ്ങളേയും കർഷകർക്ക് പടിയിറക്കിവിടാൻ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

കവുങ്ങുകൾക്കും വാഴത്തോട്ടങ്ങൾക്കും നടുവിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമാണ് ഇന്ന് വയനാട്ടിലെ വയലുകൾ. കൃഷി വൻ നഷ്‌ടമായതോടെ കർഷകരെല്ലാം മറ്റു തൊഴിൽ തേടിപോകുന്നു. ഇതിനിടയിലും പഴയതലമുറയിൽ നിന്നും കടംകൊണ്ട ആചാരങ്ങളെ ചിലരെല്ലാം നിധി പോലെ കാത്തു സൂക്ഷിക്കുന്നതാണ് ഈ നാടിന്‍റെ പ്രതീക്ഷകൾ. വയലുകളും നെൽകൃഷിയും അതിവേഗം അസ്‌തമിച്ചുപോകുമ്പോൾ കാലങ്ങളോളം ജീവിതത്തിലേക്ക് വിളക്കി ചേർത്ത കർഷക നാടിന്‍റെ ഈ അനുഷ്‌ഠാനങ്ങൾക്കും പരിസമാപ്‌തിയാവുകയാണ്.

Also Read:കറുത്ത പൊന്നിനോളം വലുതല്ലല്ലോ കെഎസ്ഇബി സബ് എഞ്ചിനിയർ പദവി; സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്‌ത് കണ്ണൂരിലെ കർഷകൻ

ABOUT THE AUTHOR

...view details