പത്തനംതിട്ട:കനത്ത മഴയിന്‍ പുറമറ്റത്തെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കൽക്കെട്ട് പൊളിഞ്ഞതിനെ തുടർന്ന് കല്ലറയിലെ മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. പുറത്തുവന്ന ശവപ്പെട്ടി മറ്റൊരിടത്തേയ്ക്ക് മാറ്റി. തുടർന്ന് കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു. എന്നാല്‍ ശവപ്പെട്ടി പുറത്തുവന്ന ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
ജാഗ്രതാനിര്‍ദ്ദേശം:ജില്ലയിലെ മലയോര മേഖലയിൽ മഴ കനക്കുമെന്നാണ് സൂചന. ഇന്നും (മെയ് 19) നാളെയും (മെയ് 20) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ 44 ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തസാധ്യത നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകട ഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും ശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്‌ടർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാണ്. ജില്ല കൺട്രോൾ റൂം കളക്‌ടറേറ്റിൽ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Also Read: പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടലിന് സാധ്യത, ആളുകളെ ക്യാമ്പുകളിലേയ്‌ക്ക് മാറ്റും