സപ്ലൈക്കോയില്‍ പലയിനങ്ങൾക്കും പൊതുവിപണിയേക്കാൾ വില കോഴിക്കോട്: മാവേലി സ്‌റ്റോറുകളിലേക്ക് വരുന്നവർ വരുന്നവർ ആദ്യം ചോദിക്കുന്നത് സബ്‌സിഡി ഉണ്ടോ എന്നാണ്. എന്നാല്‍ സബ്‌സിഡി ഇല്ല എന്ന് മാത്രമല്ല നേരത്തെ സബ്‌സിഡി ഉണ്ടായിരുന്ന 13 ഇനങ്ങളിൽ വെളിച്ചെണ്ണ ഒഴികെ എല്ലാറ്റിനും പൊതുവിപണിയേക്കാൾ വില കൂടുതലാണ്. വിലക്കയറ്റം പിടിച്ച് നിർത്താൻ 1974 ൽ ആരംഭിച്ച സപ്ലൈക്കോയിൽ 50 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു ദുരവസ്ഥ (Supplyco Price Goes Higher Than General Market Price).
ഒരു കിലോ തുവരപ്പരിപ്പിന് വിപണിയിൽ 135 രൂപ മുതലാണ് വില. സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഇത് 174 രൂപ 30 പൈസയാണ്. 5 ശതമാനം ജിഎസ്‌ടിയും 2 രൂപ പാക്കിങ് ചാർജുമുൾപ്പെടെയാണിത്. അതേസമയം മാവേലി സ്‌റ്റോറുകളിൽ ഇതേയിനം വില കുറച്ച് കിട്ടും. കിലോക്ക് 65 രൂപയായിരുന്നു തുവരപ്പരിപ്പിന്‍റെ സബ്‌സിഡി റേറ്റ്. എന്നാൽ അവിടങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ഒന്നും സ്‌റ്റോക്കില്ലാത്തതിനാല്‍ വിലക്കുറവ് പറച്ചിലില്‍ മാത്രമൊതുങ്ങുന്നു.
ഉഴുന്നിന്‍റെ വിപണി വില കിലോക്ക് 120 രൂപ മുതലാണ്. 144 രൂപ 90 പൈസയാണ് സപ്ലൈക്കോ വില. സബ്‌സിഡി സമയത്ത് 66 രൂപക്ക് കിട്ടിയിരുന്നു. 97 രൂപ മുതൽ വിപണിയിൽ കിട്ടുന്ന വൻപയറിന് സപ്ലൈക്കോയിൽ 124 രൂപ 96 പൈസയാണ്. 45 രൂപയായിരുന്നു സബ്‌സിഡി വില. 120 രൂപ മുതൽ വിപണിയിൽ കിട്ടുന്ന ചെറുപയറിന് 131 രൂപ 26 പൈസയാണ്. സബ്‌സിഡി വില 74 രൂപ ആയിരുന്നു. കടലയുടേയും മല്ലിയുടേയും വില വിപണി വിലക്ക് സമാന്തരമാണ്.
Also Read:സപ്ലൈകോ വിലവര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതി ; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കഴിഞ്ഞ ഓണത്തിന് പോലും മാവേലി സ്‌റ്റോറിൽ മുളക് വന്നിട്ടില്ല. അടുത്ത ഓണത്തിന് മുമ്പെങ്ങാനും വന്നാൽ തന്നെ സബ്‌സിഡി ഇല്ലെങ്കിൽ പിന്നെന്ത് കാര്യം. പഞ്ചസാരയുടെ കാര്യവും കഷ്‌ടമാണ്. സബ്‌സിഡി ഉണ്ടെങ്കിൽ 22 രൂപക്ക് കിട്ടും. എന്നാൽ കഴിഞ്ഞ നവംബറിന് ശേഷം മാവേലി സ്‌റ്റോറുകളിലെ ഉറുമ്പുകൾ പോലും പട്ടിണിയിലാണ്. കാർഡ് ഒന്നിന് അഞ്ച് കിലോ വീതം 25 രൂപ തോതിൽ കിട്ടിയ അരിക്ക് 43 രൂപയാണ് വില. നിലവിൽ ലഭ്യമായ ഒരേയൊരു സബ്‌സിഡി ഐറ്റമായ വെളിച്ചെണ്ണ 138 രൂപക്ക് കിട്ടിയാൽ കിട്ടി, അത്ര തന്നെ.
കേരളത്തിൽ ആകെയുള്ള 1630 സിവിൽ സപ്ലെെസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ 44,057 ൽ പരം ഇനം ഫാസ്‌റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് ഉണ്ടെന്നാണ് കണക്ക്. ഇതിൽ കൂടുതലും സ്‌റ്റേഷനറി, പാക്കിങ് ഐറ്റംസ് ആണ്. ഇതിൽ എല്ലാ വസ്‌തുക്കളും പ്രിന്‍റ് റേറ്റിൽ നിന്ന് അഞ്ച് മുതൽ 20 ശതമാനം വരെ വില കുറച്ചാണ് വിൽക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പലരും ബോധവാൻമാരല്ല.
അതേസമയം സബ്‌സിഡി സാധനങ്ങൾ ഉണ്ടായിരുന്ന സമയത്ത് സ്‌റ്റേഷനറികളും ചെലവായിരുന്നു. സബ്‌സിഡി നിലച്ചതോടെ എല്ലാം നിന്നു. പ്രത്യക്ഷത്തിൽ പല സാധനങ്ങളും കെട്ടി കിടന്ന് കാലഹരണപ്പെടുകയാണ്. ഫണ്ട് കുടിശ്ശിക ആയതോടെ കമ്പനികൾ ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ മാറ്റിനൽകാൻ തയ്യാറാകുന്നില്ല. ഇതുമൂലം നഷ്‌ടം സഹിക്കുന്നത് ഔട്ട്ലെറ്റ് ഇൻ ചാർജുമാരാണ്. കച്ചവടം കുറഞ്ഞതോടെ ദിവസ വേതനക്കാരുടെ എണ്ണവും വെട്ടിച്ചുരുക്കി.
Also Read:'സാധനങ്ങളുടെ സബ്‌സിഡി അവസാനിപ്പിക്കില്ല, ആശ്വാസ പദ്ധതികള്‍ തുടരും'; മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. എന്നാല്‍ ഇത് മറികടക്കാന്‍ സഹായകമാകുന്ന കേന്ദ്ര ഫണ്ട് സംസ്‌ഥാനം പാഴാക്കുകയാണ്. 2019 ന് ശേഷം സപ്ലൈക്കോ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പിന്നെ കേന്ദ്ര വിഹിതം എങ്ങനെ വരും. വിപണി വില പിടിച്ചു നിർത്താൻ തുടങ്ങിയ സ്ഥലത്തിപ്പോൾ പിടിച്ചു പറിയാണെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങി. ഈ വിലക്കയറ്റം കണ്ട് പൊതുവിപണിയില്‍ കൂടി വില വർധിച്ചാൽ ജനങ്ങൾ പൊറുതിമുട്ടും.