പ്രതീക്ഷിച്ച രീതിയില്‍ വേനല്‍മഴ ഇല്ല; ഹൈറേഞ്ചിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ ഇടുക്കി: ഏപ്രിൽ മാസമായിട്ടും പ്രതീക്ഷിച്ച രീതിയില്‍ വേനല്‍ മഴ ലഭിക്കാത്തത്തിന്‍റെ നിരാശയിലാണ് ഹൈറേഞ്ചിലെ കാര്‍ഷിക മേഖല. പ്രതീക്ഷിച്ച രീതിയില്‍ വേനല്‍ മഴ ലഭിക്കാതായതോടെ വലിയ പ്രതിസന്ധിയാണ് ഹൈറേഞ്ചിലെ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ച് മാസത്തില്‍ ലഭിച്ച വേനല്‍ മഴ കുറവെന്ന് കര്‍ഷകര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍ മഴ പെയ്‌തത്. പകല്‍ സമയത്ത് ഇപ്പോഴും ഹൈറേഞ്ചില്‍ ഉയര്‍ന്ന താപനിലയാണ് ഉള്ളത്. ചെറിയ അരുവികളും ജലശ്രോതസ്സുകളുമെല്ലാം പൂര്‍ണ്ണമായി തന്നെ വറ്റിവരണ്ടു. ഇതോടെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം നിലച്ചു.
വേനല്‍ മഴയുടെ കുറവും ജല ലഭ്യതയും ഏലം കര്‍ഷകരെയാണ് അധികവും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വരള്‍ച്ച ബാധിച്ച് ഏലത്തട്ടകള്‍ നിലംപതിക്കുന്ന സ്ഥിതിയുണ്ട്. കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വാഴ കൃഷി പോലുള്ള തന്നാണ്ട് വിളകളേയും ജാതി കൃഷിയേയുമൊക്കെ വേനല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തണലൊരുക്കുന്നതിനും ജലസേചനം നടത്തുന്നതിനും കര്‍ഷകര്‍ക്ക് വലിയ തുക ചിലവായി വരുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായ കുറവ് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമായിട്ടുണ്ട്. വേനല്‍ മഴയില്‍ കാര്യമായ കുറവുണ്ടാകുകയും വേനല്‍ കനക്കുകയും ചെയ്‌താല്‍ കാര്‍ഷിക മേഖലക്ക് അത് കൂടുതല്‍ തിരിച്ചടിയാകും.
അതേസമയം വേനൽ കടുത്തതോടെ ദുരിതത്തിലാണ് തോട്ടം തൊഴിലാളികളും. താരതമ്യേന കുറഞ്ഞ താപനില നിലനിൽക്കുന്ന ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ ഇപ്പോൾ 30 മുതൽ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് അനുഭവപ്പെടുന്നത്. കൃഷിയിടത്തിൽ എപ്പോഴും ചൂട് നിലനിൽക്കുന്നത് ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചൂട് അധികരിച്ചതോടെ ഏലത്തോട്ടത്തിലെ ജോലികൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
സാധാരണയായി ഏലത്തോട്ടത്തിന് ഉള്ളിൽ ചൂടുള്ള അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതിനോടൊപ്പം വേനൽ കൂടി കടുത്തതോടെ തോട്ടത്തിനുള്ളിൽ പണിയെടുക്കുവാൻ പറ്റാത്ത അവസ്ഥയാണെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നു. ദീര്‍ഘദൂരം യാത്ര ചെയ്‌ത് എത്തുന്ന തൊഴിലാളികള്‍ കത്തുന്ന ചൂടിലാണ് ജോലി ചെയ്യുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചുള്ള ഒരാനുകൂല്യവും തൊഴിലുടമകള്‍ നല്‍കാറില്ലെന്നതാണ് വാസ്‌തവം.
Also Read:താളം തെറ്റി ഏലം പരിപാലനം; വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍