കണ്ണൂര്‍ :കാലങ്ങളായി മലയാളികൾ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് തീവണ്ടികളിലെ ദുരിതയാത്ര. ദക്ഷിണ റെയില്‍വേ സമ്മാനിക്കുന്ന ദുരിത യാത്രയില്‍ സഹികെട്ടിരിക്കുകയാണ് യാത്രക്കാര്‍. നിന്നുതിരിയാന്‍ ഇടമില്ലാത്ത തെരക്കാണ് ഷൊര്‍ണ്ണൂരിന് വടക്കും കാസര്‍ഗോഡിന് തെക്കും ഓടുന്ന വണ്ടികളില്‍ യാത്രക്കാര്‍ അനുഭവിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാതൊരു മുന്നറിയിപ്പുമില്ലാതെ പിടിച്ചിടുന്ന ട്രെയിനുകളില്‍ ദുസഹമായി യാത്ര തുടരേണ്ട അവസ്ഥയാണ് മലബാറിലെ യാത്രക്കാര്‍ക്ക്. കേരളത്തില്‍ ഏറ്റവും അധികം യാത്രക്കാര്‍ ട്രെയിനുകളെ ആശ്രയിക്കുന്നത് മലബാറിലാണ്. നിശ്ചയിച്ച സമയത്ത് എത്തിച്ചേരാനാവാതെ വലയുന്ന ഒരു ജനസജ്ജയം തന്നെ ഇവിടെയുണ്ട്. കാലങ്ങളായി റെയില്‍വേയുടെ മെല്ലെ പോക്കില്‍ ദുരിതമനുഭവിക്കുന്ന മലബാറിലെ തൊട്ടടുത്ത ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ രാവിലെ പോകുന്നതും തിരിച്ചു വരുന്നതും ട്രെയിനുകളെ ആശ്രയിച്ചാണ്.
തിരിയാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയിൽ ദക്ഷിണ റെയില്‍വേ ദുരിതയാത്ര (ETV Bharat) എന്നാല്‍ യാത്രക്കാര്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവരുടെ രോദനങ്ങള്‍ റെയില്‍വേയോ അധികൃതരോ കണ്ടമട്ടില്ല. യാത്രാ ക്ലേശത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ജോലി പോലും നഷ്‌ടപ്പെടുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കൃത്യസമയത്ത് എത്താനാവാത്തതിനാല്‍ പിരിച്ചു വിടപ്പെട്ടവരും ഏറെയാണ്.
തലശ്ശേരി, കണ്ണൂര്‍, മാഹി ഭാഗത്തു നിന്നു ഷൊര്‍ണ്ണൂര്‍ ഭാഗത്തും തിരിച്ച് മംഗളൂരു ഭാഗത്തും യാത്ര ചെയ്യുന്നവരുടെ ദുരനുഭവം ഒന്നു തന്നെ. ട്രെയിനിനകത്ത് കഷ്‌ടിച്ച് കയറിപ്പറ്റിയാല്‍ പിന്നെ തിരിയാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ്. ഈ മേഖലയിലെ മനുഷ്യരുടെ ജീവിത ക്രമം പോലും ദക്ഷിണ റെയില്‍വേയുടെ നിലപാട് മൂലം താളം തെറ്റുകയാണ്.
മലബാറിലെ ട്രെയിന്‍ യാത്രികര്‍ക്കെല്ലാം സമാനമായ അനുഭവമാണ്. മനുഷ്യാവകാശ കമ്മീഷനും മാധ്യമങ്ങളും എല്ലാം ഇടപെട്ടിട്ടും റെയില്‍വേ അധികൃതര്‍ നിസ്സംഗത തുടരുകയാണ്. അശാസ്ത്രീയമായ സമയമാറ്റവും വന്ദേഭാരത് ഉള്‍പ്പെടെയുള്ള ആഡംബര ട്രെയിനുകള്‍ക്കു വേണ്ടിയുള്ള പിടിച്ചിടലും അനുഭവിക്കേണ്ടത് സാധാരണ യാത്രക്കാരാണ്.
സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ക്ക് രാത്രി വീട്ടില്‍ എത്തണമെങ്കില്‍ റെയില്‍വേ കനിയണം. പലരും റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങി കഴിഞ്ഞാല്‍ ബന്ധുക്കളെ വിളിച്ചു വരുത്തി വീട്ടിലെത്തേണ്ട അവസ്ഥയാണ്. യാത്രാ ദുരിതത്തില്‍ കുഴഞ്ഞു വീഴുന്ന കാഴ്‌ച പതിവായിരിക്കയാണ്. തിക്കിലും തെരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുഴഞ്ഞ് വീഴുന്ന അനുഭവം തുടരുകയാണ്.
വയോധികരുടെ രോദനം ഓരോ യാത്രയിലും പതിവാകുന്നു. കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കും മംഗാലാപുരം ഭാഗത്തേക്കും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഇരുപത്തയ്യാരത്തോളമാണ്. ഓണ്‍ലൈന്‍, എവിടിഎം വഴിയും ടിക്കറ്റെടുക്കുന്നവര്‍ വേറെ. കോഴിക്കോട് നിന്നും യാത്ര ചെയ്യുന്നവര്‍ മുപ്പത്തയ്യായിരത്തിലേറെയാണ്. എന്നാല്‍ യാത്രക്കാര്‍ക്കു നേരെ റെയില്‍വേ കണ്ണടക്കുന്നു. കൂടുതല്‍ മെമു സര്‍വീസുകളും ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളും വര്‍ധിപ്പിച്ചു മാത്രമേ ഇതിന് പരിഹാരമാവുകയുള്ളൂവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Also Read : ട്രെയിൻ ടിക്കറ്റ് ഇനി 2 മാസം മുന്‍പ് മാത്രം, റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ