പത്തനംതിട്ട:നിലയ്ക്കലിന് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്‌ആർടിസി ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. യാത്രക്കാരായ കർണാടക സ്വദേശി എൻബി തുമ്മിനക്കട്ടി (73), തമിഴ്‌നാട് സ്വദേശികളായ ധരണി ബാലൻ ( 12 ), മുരുകേശൻ( 44), കുമാർ (40 ), സുരേഷ് (45), കോഴിക്കോട് സ്വദേശി ജയകുമാർ (53) എന്നിവർക്കാണ് പരിക്കേറ്റത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തന്മാരെയും കൊണ്ട് പമ്പയിൽ നിന്ന് നിലക്കിലേക്ക് ചെയിൻ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്, നിലയ്‌ക്കലിന് സമീപം അഞ്ച് കിലോമീറ്റർ മുൻപുള്ള വളവിൽ നിയന്ത്രണം വിട്ട് കുഴിയിലേക്കിറങ്ങുകയായിരുന്നു.
നിലയ്‌ക്കൽ അട്ടത്തോടിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറിയൊരു മരത്തിൽ തട്ടി ബസ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും, ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.