തിരുവനന്തപുരം : കെ കെ ബിർല ഫൗണ്ടേഷന്‍റെ സരസ്വതി സമ്മാൻ പുരസ്‌കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് അംഗീകാരം. കവിത രൂപത്തിലുള്ള നോവലാണിത്. മുൻ സുപ്രീംകോടതി ജഡ്‌ജി എ കെ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പൊന്നാടയും പ്രശസ്‌തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതി സമ്മാൻ പുരസ്‌കാരം.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കൈവന്ന വലിയൊരു ആദരവായി ഈ പുരസ്‌കാരത്തെ കണക്കാക്കുന്നുവെന്ന് പ്രഭാവർമ്മ ഇടിവി ഭാരതിനോട് പ്രതികരിച്ചു. നമ്മുടെ ഭാഷയ്ക്ക് ഒരു ആദരം നേടിയെടുക്കാൻ കഴിഞ്ഞു. അതിൽ ഞാനൊരു മാധ്യമമായി എന്നതിലുള്ള സന്തോഷം ചെറുതല്ല. ഹരിവംശ്റായ് ബച്ചനെ പോലെയുള്ള അതിപ്രഗത്ഭവതികളായ ഇന്ത്യൻ എഴുത്തുകാർക്ക് ലഭിച്ചിട്ടുള്ള പുരസ്‌കാരമാണ്. ആ അംഗീകാരത്തിന്‍റെ ഇങ്ങേ തലയ്ക്കൽ വന്നുനില്‍ക്കാന്‍ കഴിയുന്നു എന്നുള്ളത് അതുപോലുള്ള കവികളുടെ അനുഗ്രഹമായി കരുതുന്നു.