കോഴിക്കോട്: 'അമ്പ പേരാറെ നീ മാറിപ്പോമോ, ആകുലായാമൊരഴുക്കുചാലായ്..!' ഭാരതപുഴയുടെ അവസ്ഥ കണ്ട് ഇടശ്ശേരി എഴുതിയ വരികളാണിത്. ഇന്ന് കേരളത്തിലെ മിക്ക നദികളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അതിലൊന്നാണ് ചരിത്രമുള്ള കല്ലായിപ്പുഴയുടെ ഉത്ഭവമായ മാമ്പുഴയുടേതും. വളരെ ശോചനീയമാണ് മാമ്പുഴയുടെ ഇന്നത്തെ അവസ്ഥ. ഒരു നദിയെ എങ്ങനെ കൊല്ലാം എന്ന് മാമ്പുഴയുടെ അവസ്ഥ കണ്ടാൽ മനസിലാകും. ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നാട്ടിലെ മുഴുവൻ മാലിന്യവും കുമിഞ്ഞു കൂടുന്നത് മാമ്പുഴയിലാണ്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗങ്ങളിലാണ് മാമ്പുഴയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ മാലിന്യം നിറഞ്ഞത്.
പുഴയുടെ ഒരു ഭാഗം കുന്ദമംഗലം പഞ്ചായത്തും മറുഭാഗം പെരുവയൽ പഞ്ചായത്തുമാണ്. അതുകൊണ്ടുതന്നെ ആര് മാമ്പുഴയെ ശുചീകരിക്കും എന്നതിലുള്ള തർക്കമാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. പ്രദേശത്തെ ചെറുകിട സംരംഭങ്ങളിലെയും വീടുകളിലെയും ഫ്ലാറ്റുകളിലെയും എല്ലാം മാലിന്യം പുഴയിലേക്കാണ് വലിച്ചെറിയുന്നത്. കൂടാതെ അറവ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മലിനജലം നിറഞ്ഞതോടെ പരിസരത്തെ വീടുകളിലെ കിണറുകളും കുടിവെള്ളത്തിനായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട്.