ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ്, രമേശ് ചെന്നിത്തല കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്ന് പറച്ചിൽ. മൊബൈൽ ഫോൺ സർവീസ് പ്രോവൈഡർമാർ കോൾ വിവരങ്ങൾ നല്‍കാത്തത് കൊണ്ടാണ് ഗൂഢാലോചന പൂർണമായും തെളിയിക്കാൻ കഴിയാതിരുന്നതെന്ന് ചെന്നിത്തല.
പലതവണ ആവശ്യപ്പെട്ടിട്ടും ഫോൺ വിവരങ്ങൾ ലഭിച്ചില്ല. വിവരങ്ങൾ ലഭിച്ചിരുന്നെങ്കിൽ പല ഉന്നതരും കുടുങ്ങുമായിരുന്നെന്നും ചെന്നിത്തല. ആഭ്യന്തര മന്ത്രിയായപ്പോൾ ഇക്കാര്യങ്ങൾ പരിശോധിച്ചിരുന്നു. ടി പി കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണ്. പിണറായിയുടെ അറിവോടെയല്ലാതെ കൊലപാതകം നടക്കില്ല. കൊലപാതക ഗൂഢാലോചനയിൽ പി മോഹനന് നേരിട്ട് പങ്കുണ്ട്, സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് പി മോഹനനെ കോടതി വിട്ടയച്ചത്.
പ്രതികൾ മുഴുവൻ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ കെ രമയുടെ നീക്കത്തെ കോൺഗ്രസ് പിന്തുണക്കുന്നു എന്നും രമേശ് ചെന്നിത്തല. ഭരിക്കുന്നത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞു നിൽക്കുന്നത്. അല്ലാതെ അവർക്ക് കൊലപാതകത്തോട് അലർജി ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
2012 മേയ് 4ന് വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.