കോഴിക്കോട്: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ കൊട്ടിക്കലാശം കളറാക്കാൻ മൂന്ന് മുന്നണികളും. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ കൊട്ടിക്കലാശത്തിലേക്ക് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്‌ക്കൊപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോ നടത്തും. സംസ്ഥാനത്തെ പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം കൊട്ടിക്കലാശത്തിൽ അണിചേരും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ കൊട്ടിക്കലാശം കൽപ്പറ്റയിലാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിപാടിയിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുക്കും.
അതേസമയം, മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ഭൂരിപക്ഷം എത്രയായും എന്ന ആകാംക്ഷ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും, 5 ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
2014 ൽ കോൺഗ്രസ് പാളയത്തെ ഞെട്ടിച്ച സത്യൻ മൊകേരിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐയും എല്‍ഡിഎഫ് മുന്നണിയും. കഴിഞ്ഞ തവണ വയനാട്ടില്‍ കെ സുരേന്ദ്രൻ സമാഹരിച്ചതിലും കൂടുതല്‍ വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയില്‍, വളരെ ഗൗരവത്തോടെയാണ് ബിജെപിയും ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.