തിരുവനന്തപുരം :അച്ഛനെയും മകനെയും കൊന്ന കേസില്‍ പ്രതിക്ക് തടവും പിഴയും. പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സിഐടിയു തൊഴിലാളി സുനിൽകുമാർ, മകൻ അഖിൽ എസ് എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് നടപടി. സുനിൽകുമാറിൻ്റെ മരുമകനായ മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ അരുണിന് ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു.
തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്‌ജ് കെ വിഷ്‌ണുവാണ് വിധി പ്രസ്‌താവിച്ചത്. 12.10.2021 ആയിരുന്നു കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട സുനിൽകുമാറിൻ്റെ മകളും അരുണിന്‍റെ ഭാര്യയുമായ അപർണയെ അരുണ്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് അപര്‍ണ രണ്ടു വയസായ മകളെയും കൂട്ടി സുനിൽകുമാറിന്‍റെ പൂജപ്പുരയിലെ വീട്ടിൽ എത്തി.
പിന്നാലെ പ്രതി ഫോണിലൂടെ സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തുകയുണ്ടായി. 12.10.2021 രാത്രി എട്ട് മണിയോടെ അപർണയുടെ ഫോണിൽ വിളിച്ച് പ്രതി ചീത്ത പറയുകയും തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എട്ടര മണിയോടുകൂടി പ്രതി പൂജപ്പുരയിലുള്ള വീട്ടിൽ വരികയും സുനിൽകുമാറും അഖിലുമായി വഴക്കുണ്ടാക്കുകയും ചെയ്‌തു.
ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിൻ്റെ നെഞ്ചിൽ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം തടഞ്ഞ സുനിൽകുമാറിൻ്റെ ഭാര്യ ഷീനയേയും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ഷീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അരുണ്‍ അഖിലിനെ ആക്രമിച്ചത്. അഖിലിനെ തറയില്‍ തള്ളിയിട്ട് കത്തി ഉപയോഗിച്ച് ആറ് തവണ കുത്തുകയായിരുന്നു.