ഇരുവഞ്ഞിപ്പുഴയിൽ നീർനായ ശല്യം രൂക്ഷം കോഴിക്കോട്: ചാത്തമംഗലം കൂളിമാടിനു സമീപം ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ നീർനായയുടെ കടിയേറ്റ് വിദ്യാർഥിനിക്ക് പരിക്ക്. കൊടിയത്തൂർ മാമ്പുഴക്കാട്ട് നാസറിന്‍റെ മകളായ റിസ നാസർ (18 )നാണ് കടിയേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
കൂളിമാടുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു റിസ. വീടിനു പുറകിലുള്ള ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ മാതാവിനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടൻതന്നെ നീർനായകൾ കൂട്ടത്തോടെ എത്തി റിസയുടെ ഇരുകാലിലും കടിക്കുകയായിരുന്നു. നീർനായകൾ കാലുകൾക്ക് കടിച്ചതിനു പുറമെ പുഴയിലേക്ക് വലിച്ചിഴച്ചതായി ബന്ധുക്കൾ പറയുന്നു.
കൂടെയുണ്ടായിരുന്ന ഉമ്മയും മറ്റു ബന്ധുക്കളും പുഴയിലിറങ്ങിയാണ് പരിക്കേറ്റ കുട്ടിയെ കരക്കെത്തിച്ചത്. നീർനായയുടെ ആക്രമണത്തിൽ കുട്ടിയുടെ ഇരുകാലുകൾക്കും ആഴത്തിൽ മുറിവുണ്ട്. പരിക്കേറ്റ റിസയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും നീർനായ ശല്യം രൂക്ഷമാണ്. പുഴയോരത്തെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർക്കാണ് നേരത്തെ നീർനായക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൂടാതെ പുഴയോരത്ത് മത്സ്യം പിടിക്കാൻ എത്തുന്ന കുട്ടികൾക്ക് നേരെയും നിരവധി തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. നീർനായ ശല്യം ഒഴിവാക്കുന്നതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Also Read: നീർനായ ആക്രമണം രൂക്ഷം; സമരത്തിനൊരുങ്ങി ഇരുവഞ്ഞിപ്പുഴ ആക്ഷൻ കമ്മിറ്റി