കൊല്ലം : സ്ഥിരം നടന്മാരായ സിനിമാക്കാരെ രംഗത്തിറക്കി രാഷ്ട്രീയ രംഗത്തും പൊതു രംഗത്തും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മത്സരിപ്പിക്കുന്നതില്‍ ഗൗരവ തരമായ ചര്‍ച്ച ഉയര്‍ന്നുവരണമെന്ന് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ ഇടിവി ഭാരതിനോട്. രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഗൗരവമായ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളുടെ ഗ്ലാമര്‍ ഉപയോഗിച്ച് വോട്ടു നേടാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. മത്സരിക്കുന്ന ഒരു നടന്‍ 8 വര്‍ഷത്തോളമായി എംഎല്‍എയാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും ജനം വിലയിരുത്തട്ടെ.
2019ലേതിന് സമാനമായി തന്നെ സംഘപരിവാര്‍ സഹയാത്രികനാക്കി ന്യൂനപക്ഷ കേന്ദ്രീകരണത്തിനാണ് സിപിഎം കൊല്ലത്ത് ശ്രമിക്കുന്നതെന്നും അതു വിലപ്പോകില്ലെന്നും പ്രേമചന്ദ്രന്‍ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം:
- കൊല്ലത്ത് തുടര്‍ച്ചയായി മൂന്നാം ജയം തേടിയിറങ്ങുന്ന താങ്കളുടെ ജയ സാധ്യതകള്‍ എത്രത്തോളമാണ്?
ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ജന വികാരങ്ങളും കഴിഞ്ഞ 10 വര്‍ഷക്കാലം എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ചേര്‍ന്നുള്ള വളരെ അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. നല്ല ഭൂരിപക്ഷത്തോടു കൂടി വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണെനിക്കുള്ളത്.
- രണ്ട് സിനിമ-സീരിയല്‍ താരങ്ങളോടാണ് ഏറ്റു മുട്ടുന്നത്. ഇത് താങ്കളുടെ ആത്മവിശ്വാസം ചോര്‍ത്തുന്നുണ്ടോ
ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച ഉയര്‍ന്നുവരണം എന്നാണ് എന്‍റെ അഭിപ്രായം. ഈ രാജ്യത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന സുപ്രധാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണിത്. അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.
എനിക്കെതിരെ സിപിഎമ്മും ബിജെയും മത്സരിപ്പിക്കുന്നത് രണ്ട് ഫുള്‍ ടൈം ഫിലിം സെലിബ്രിറ്റികളെയാണ്. രണ്ട് സിനിമ താരങ്ങള്‍ക്കിടയ്‌ക്ക് മുഴുവന്‍ സമയവും പൊതു പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരാളാണ് ഞാന്‍. സ്വാഭാവികമായും ഈ ഒരു താരതമ്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നാണ് വിശ്വാസം. അത് എനിക്ക് വളരെ അനുകൂലമാകുമെന്നാണ് എന്‍റെ പ്രതീക്ഷ.
- മത്സരത്തിന്‍റെ വഴി തിരിക്കുക എന്ന ഉദ്ദേശമാണോ നടന്മാരെ രണ്ട് മുന്നണികള്‍ ഇറക്കിയിതിന് പിന്നില്‍ എന്ന് കരുതുന്നുണ്ടോ?
ചര്‍ച്ച വഴി മാറ്റുക എന്നതല്ല സിനിമ നടന്മാരുടെ ഗ്ലാമര്‍ നല്‍കുന്ന ഒരു പൊതു സ്വീകാര്യത സമൂഹത്തിലുണ്ട്. അത് മുതലാക്കി വോട്ടു തേടാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാണ് ഇത്തരത്തിലുള്ള സിനിമാതാരങ്ങളെ കൊണ്ട് നിര്‍ത്തി മത്സരിപ്പിക്കുന്നത്. അതല്ലാതെ അവരുടെ സംഭാവനകള്‍ കണക്കിലെടുത്തോ പൊതുപ്രവര്‍ത്തന രംഗത്ത് അവരുടെ പാരമ്പര്യം കണക്കിലെടുത്തിട്ടോ അല്ലല്ലോ. ഇക്കാര്യം ജനങ്ങള്‍ വിലയിരുത്തട്ടെ.
മത്സരിക്കുന്നതില്‍ ഒരു നടന്‍ 8 വര്‍ഷക്കാലമായി എംഎല്‍എയാണ്. അദ്ദേഹം നിയമസഭാംഗം എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. ഞാന്‍ പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ 10 വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ വിലയിരുത്തും. അത്തരത്തില്‍ വളരെ അര്‍ഥവത്തായ ഒരു സംവാദം ഇക്കാര്യത്തില്‍ ഉയര്‍ന്നു വരട്ടെ. രണ്ടു മുഴുവന്‍ സമയ നടന്‍മാര്‍ക്കിടയില്‍ പൂര്‍ണമായി പൊതു രംഗത്ത് നില്‍ക്കുന്ന എനിക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നാണ് എന്‍റെ പ്രതീക്ഷ.
- 2019ല്‍ ശബരിമല അനുകൂല നിലപാട് ചൂണ്ടിക്കാട്ടി ഒരു സംഘപരിവാര്‍ സഹയാത്രികനെന്ന് പ്രചരിപ്പിച്ച് ഒരു ന്യൂനപക്ഷ കേന്ദ്രീകരണത്തിനായിരുന്നു എതിരാളികളുടെ ശ്രമം. ഇപ്പോള്‍ 2024ല്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ വിരുന്ന് സത്‌കാരത്തില്‍ പങ്കെടുത്ത സംഭവം ആയുധമാക്കി അതേ പ്രചാരണം വീണ്ടും താങ്കള്‍ക്കെതിരെ എതിരാളികള്‍ നടത്തുകയാണ്?
2019 ന്‍റെ തനിയാവര്‍ത്തനമാണ് ഇപ്പോഴും നടക്കുന്നത്. ഹിന്ദു നാമധാരികളായ പൊതു മണ്ഡലങ്ങളില്‍ അംഗീകാരമുള്ളവരെയെല്ലാം ബിജെപിയാണെന്ന് വരുത്തി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിന് സിപിഎം ചെയ്യുന്ന ഹീനമായ ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇതിന്‍റെ ഗുണം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ബിജെപിക്കാണ്. കാരണം ബിജെപിയെ മഹത്വവത്കരിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്.
ശശി തരൂര്‍, ഞാന്‍, കെ സുധാകരന്‍, വിഡി സതീശന്‍, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇവരെല്ലാം പോകേണ്ടത് ബിജെപിയിലേക്കാണ് എന്ന നിലയിലാണ് സിപിഎം കേരളത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ആര് സിപിഎമ്മിനെ എതിര്‍ക്കുന്നുവോ അവര്‍ ബിജെപിയിലേക്ക് പോകണം എന്നതാണ് സിപിഎം ലൈന്‍. ഹീനവും നിലവാരമില്ലാത്തതുമായ ഒരു രാഷ്ട്രീയ പ്രചാരണത്തിനാണ് സിപിഎം നേതൃത്വം കൊടുക്കുന്നത്. ഇത് വര്‍ഗീയതയെ വളര്‍ത്താന്‍ വേണ്ടിയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതു തന്നെയാണ് ത്രിപുരയിലും പശ്ചിമ ബംഗാളിലുമൊക്കെ അവര്‍ സ്വീകരിച്ചു വന്നത്. അതിന്‍റെ ഫലം സിപിഎം അനുഭവിച്ച് കഴിഞ്ഞു.
- പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ എങ്ങനെയാണ് താങ്കള്‍ വോട്ടര്‍മാരോട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത്?
ഇക്കാര്യം നിരവധി തവണ ഞാന്‍ വോട്ടര്‍മാരോട് പറഞ്ഞിട്ടുള്ളതാണ്. സിപിഎം കരുതുന്നത് പോലെ ഒരു ചലനവും അവര്‍ക്ക് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. സിപിഎമ്മിന് നല്ലപോലെ എന്നെ അറിയാം എനിക്ക് നല്ല പോലെ സിപിഎമ്മിനെ അറിയാം. അവര്‍ ശ്രമിക്കുന്നത് 2019ലെ പോലെ ഒരു ശ്രമമാണ്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ്.
ഒരു എംപിയെന്ന നിലയില്‍ പാര്‍ലമെന്‍റിലെ പ്രകടനത്തെ കുറിച്ച് അവര്‍ക്ക് ആക്ഷേപം പറയാന്‍ കഴിയില്ല. നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ആക്ഷേപം പറയാന്‍ കഴിയില്ല. നിയോജക മണ്ഡലത്തിലെ സാന്നിധ്യവും പ്രാദേശിക ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലും സംബന്ധിച്ചും ഒന്നും പറയാന്‍ കഴിയില്ല.