ആലപ്പുഴ:പുന്നമട കയലിലെ ജലമഹോത്സവം, നെഹ്‌റു ട്രോഫി വള്ളംകളി. ആവേശത്തിമിര്‍പ്പിലാണ് കിഴക്കിന്‍റെ വെനീസ് എന്ന് പേരുള്ള കേരളത്തിന്‍റെ സ്വന്തം ആലപ്പുഴ. കായൽപ്പരപ്പിലെ വേഗരാജാവിനെ കണ്ടെത്താനുള്ള തീപാറും പോരാട്ടം കാണാൻ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുപോലും വള്ളംകളി പ്രേമികള്‍ എത്തിയിരിക്കുകയാണ്.
അത്ഭുതകരമായ ഒരു അനുഭവമാണ് വള്ളംകളി സമ്മാനിക്കുന്നതെന്നാണ് ഡല്‍ഹിയില്‍ നിന്നും നെഹ്‌റു ട്രോഫി കാണാൻ എത്തിയ ഒരു കുടുംബത്തിന്‍റെ അഭിപ്രായം. ഓരോ മത്സരാര്‍ഥികളുടെയും ആവേശം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്നും അവര്‍ പറയുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍റെ അതേ ആവേശമാണ് വള്ളംകളിയും തങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്നാണ് തൃശൂരുകാരായ ചില വള്ളംകളി പ്രേമികളുടെ അഭിപ്രായം.
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങള്‍ നെഹ്‌റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങും. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.