എറണാകുളം: മലയാള സിനിമയിൽ വാർത്താപ്രചാരണത്തിന്‍റെ 26 വർഷങ്ങൾ പിന്നിടുകയാണ് പ്രശസ്‌ത പിആർഒ എഎസ് ദിനേശ്. മലയാള സിനിമയുടെ വാർത്താപ്രചാരകർ ആരൊക്കെ എന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് അറിയാവുന്ന പേരുകളിൽ ഒന്ന് എഎസ് ദിനേശിന്‍റേത് തന്നെയാകും. 'നമസ്‌കാരം ദിനേശാണ്, പിആർഒ', എഎസ് ദിനേശിനെ നേരിൽ കാണുകയോ ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്‌താൽ ആദ്യം കേൾക്കുന്ന വാചകമാണിത്.
അതിപ്പോൾ പരിചയം ഉള്ള ആളാണെങ്കിലും അല്ലെങ്കിലും ഈ രീതിയിൽ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങാറ്. ഇപ്പോഴിതാ എഎസ് ദിനേശ് തന്‍റെ ജീവിതാനുഭവങ്ങൾ പുസ്‌തക രൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം വൈഎംസിഎ ഹാളിൽ വച്ച് ചടങ്ങിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്‌ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്‌ണന് പുസ്‌തകം നല്‍കി പ്രകാശന കർമ്മം നിർവ്വഹിച്ചു.