എറണാകുളം:കാർഡ്‌ബോർഡ് ബോക്‌സിനുള്ളിൽ സ്വർണം പൊടിരൂപത്തിലാക്കി കൊണ്ടുവന്ന യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്നും വന്ന മുവാറ്റുപുഴ സ്വദേശി മുഹമ്മദാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിൻ്റെ പിടിയിലായത്. ദുബായ് - കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് കാർഡ്ബോർഡ് ബോക്‌സിന് മുകളിൽ ഈന്തപ്പഴവും കളിപ്പാട്ടങ്ങളുമാണ് ഉള്ളിലെന്ന ലേബലുകളായിരുന്നു പതിച്ചിരുന്നത്. സംശയം തോന്നി ബോക്‌സ് പൊട്ടിച്ചു നോക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടി കുറഞ്ഞ തവിട്ട് നിറത്തിലുള്ള പേപ്പർ ഷീറ്റിനുള്ളിൽ സ്വർണം കണ്ടെത്തിയത്.
257 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് ഏറെ വ്യത്യസ്‌തമായ മാർഗങ്ങളാണ് കടത്ത് സംഘങ്ങൾ സ്വീകരിച്ചു വരുന്നത്. നേരത്തെ സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണം ഒളിപ്പിച്ച അരപ്പട്ട എന്നിവയും കാരിയർമാരിൽ നിന്നും പിടികൂടിയിരുന്നു. കാരിയർമാർ പിടിയിലാവുകയും ഇവർ പിന്നീട് പിഴയടച്ച് ജയിൽ മോചിതരാവുകയും ചെയ്യുന്നു.
എന്നാൽ സ്വർണം കടത്തുന്നവരിലേക്ക് അന്വേഷണം എത്താറില്ല. ഈയൊരു സാഹചര്യത്തിലാണ് സ്വർണക്കടത്ത് തുടരുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറയ്ക്ക് തന്നെ ഭീഷണിയാകുന്ന സ്വർണക്കടത്ത് തടയുന്നതിൽ അന്വേഷണ ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.
Also Read:104 കിലോ സ്വര്‍ണം പിടിച്ചെടുത്തു; തൃശൂരില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡ്