കോഴിക്കോട്:പൗരത്വ ഭേദഗതി നിയമം വരുന്നത് വളരെയധികം ഉത്കണ്‌ഠ ഉളവാക്കുന്ന കാര്യമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീർ. രാജ്യത്ത് ഇതിനെതിരെയുള്ള ശക്തമായ പോരാട്ടം നേരത്തെ ഉണ്ടായിരുന്നു. ഈ നിയമത്തിനെതിരെയുള്ള സമരത്തിൽ നിരവധി പേരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി (Muslim League Leaders On CAA).
മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വീണ്ടും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ ഈ നടപടി സ്‌റ്റേ ചെയ്യിക്കുന്നതിന് ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് മുസ്‌ലിം ലീഗിൻ്റെ തീരുമാനം. സമാന മനസ്‌കരുമായി ചേർന്ന് ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ എങ്ങിനെ ആരംഭിക്കണമെന്ന കാര്യം ചർച്ച ചെയത് തീരുമാനിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ വിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി:പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങിയതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.