കണ്ണൂര്‍: കേരളത്തിന് 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളറജി ഇന്‍സ്റ്റിട്ടൂട്ടിന് ബിഎസ്എല്‍ 3 അഥവാ ബയോ സേഫ്‌റ്റി ലെവല്‍ 3 പദവി ഉടനെ നല്‍കണമെന്നും രാജ്യസഭ എംപി അഡ്വ. പി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് ചേരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സന്തോഷ് കുമാര്‍ ഈ ആവശ്യമുന്നയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയടക്കം ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
'ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം കേരളത്തിന് സംഭവിച്ച ബുദ്ധിമുട്ടുകള്‍ നികത്താനും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകാനും ഈ പാക്കേജ് അനിവാര്യമാണ്. നിപയും അനുബന്ധ രോഗങ്ങളും വീണ്ടും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിട്ടൂട്ടിന് ബിഎസ്എല്‍ 3 പദവി നല്‍കുന്നത് ആരോഗ്യ മേഖലക്ക് വലിയ ഊര്‍ജ്ജം പകരും.' സന്തോഷ് കുമാര്‍ പറഞ്ഞു.