കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പിവി അൻവര്‍ എംഎല്‍എയും പ്രതിപക്ഷവും തുടര്‍ച്ചയായി നടത്തുന്ന ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ പൊളിറ്റിക്സ് ഉണ്ടെന്നും, 2021 മുതല്‍ ഇടതുപക്ഷം തുടര്‍ഭരണത്തില്‍ വരുന്നതിന് പല കാരണങ്ങളുണ്ടെന്നും കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോടെ പ്രതികരിക്കവെ മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ ഉള്ള വിശ്വാസവും താല്‍പര്യവും പിന്തുണയുമാണ് 2021ല്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കാൻ കാരണമായതെന്ന് മന്ത്രി പ്രതികരിച്ചു.
ഇനി ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ അതിന്‍റെ തലയ്ക്ക് അടിക്കണം, ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ തല സഖാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്, ഇന്നലെ വേറെ ഒരാളായിരുന്നു ആ തല, ഇനി നാളെ വേറെ ഒരാളായിരിക്കും, ആരാണോ ആ തല, ആ തലയെ അടിച്ചാലേ ഇടതുപക്ഷത്തെ തകര്‍ക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും ആക്രമിക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുമെന്നും, തന്‍റെ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്‍റെ ഭാഗമായാണ് പാര്‍ട്ടിക്ക് വേണ്ടി പ്രതികരിക്കുന്നതെന്നും റിയാസ് പറഞ്ഞു.
കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ആക്രമിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള വളരെ ബോധപൂര്‍വ്വമായ ഗൂഢാലോചനയും പൊളിറ്റിക്സുമാണ് ഇവിടെ നടപ്പില്‍ വരുത്തുന്നത്. പല ശക്തികളും ഇതിന്‍റെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു. ഇവിടെ കനഗോലു പല രീതിയിലുള്ള പിആര്‍ വര്‍ക്ക് നടത്തി. കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാൻ കനഗോലു ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും, ഏതെങ്കിലും മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാൻ തയ്യാറായോ എന്നും മന്ത്രി റിയാസ് ചോദിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും