കേരളം

kerala

ETV Bharat / state

'വിമുക്തഭട ഭവനുകൾക്ക് നികുതി ഇളവ്; തദ്ദേശ അദാലത്തിൽ 573 പരാതികളിൽ തീർപ്പായി': എംബി രാജേഷ് - MINISTER MB RAJESH ON ADALAT - MINISTER MB RAJESH ON ADALAT

പത്തനംതിട്ടയില്‍ തദ്ദേശ അദാലത്തിൽ ലഭിച്ച 819 പരാതികളിൽ 573 എണ്ണം തീർപ്പായതായി മന്ത്രി എം.ബി രാജേഷ്. പന്തളം നഗരസഭയിലെ കെട്ടിട ലൈസൻസ് പുതുക്കി നൽകാൻ മന്ത്രി നിർദ്ദേശം നൽകി. കൊറ്റനാട്ടിലെ 512 കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

MB RAJESH  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  വിമുക്തഭട ഭവന്‍ നികുതി ഇളവ്  MB RAJESH ADALAT
MB Rajesh (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 4:28 PM IST

മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് (ETV Bharat)

പത്തനംതിട്ട :ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​കൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി നടന്ന അദാലത്തിൽ ലഭിച്ച 819 പരാതികളിൽ 573 എണ്ണത്തിൽ പരിഹാരമായതായി മന്ത്രി എംബി രാജേഷ്. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എംബി രാജേഷിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശ അദാലത്തിനുശേഷം നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ പോർട്ടൽ വഴിയും നേരിട്ടും ആകെ 1063 പരാതികളാണ് ലഭിച്ചത്.

അദാലത്തിൽ പോർട്ടൽ വഴി ലഭിച്ച 819 പരാതികളിൽ 78 ശതമാനത്തിലാണ് (446 പരാതികൾ ) അനുകൂലമായി തീർപ്പ് കണ്ടിട്ടുള്ളത്. നേരിട്ട് ലഭിച്ച 244 പരാതികൾ പിന്നീട് പരിഗണിക്കും. 127 പരാതികളിൽ ഗൗരവമായ ചട്ടലംഘനം കണ്ടെത്തിയതിനാൽ അവ നിരസിച്ചു. നേരിട്ട് ലഭിച്ചത് ഉൾപ്പെടെ 490 പരാതികൾ തുടർ നടപടികൾക്കായും കൂടുതൽ പരിശോധനകൾക്കായും മാറ്റിവച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംസ്ഥാനത്ത് വിമുക്തഭട ഭവനുകൾക്ക് ഇനി നികുതി ഇളവ്

വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവത്‌കരണ പരിപാടികൾക്കും മറ്റ് പരിപാടികൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വിമുക്തഭട ഭവൻ കെട്ടിടങ്ങളുടെ നികുതി സംസ്ഥാനതലത്തിൽ പുനർ നിർണയിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് അറിയിച്ചു. സംസ്ഥാനത്താകെയുള്ള എക്‌സ് സർവീസ് ലീഗിൻ്റെ കെട്ടിടങ്ങൾക്ക് ഈ തീരുമാനം ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ ഗ്രാമ പഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 70 രൂപ എന്ന നിരക്കിൽ ഈടാക്കിയിരുന്ന കെട്ടിട നികുതി ചതുരശ്ര മീറ്ററിന് 40 രൂപയായി കുറയും. മുനിസിപ്പാലിറ്റികളിൽ ഇത് 80 രൂപയെന്നത് 60 രൂപയായി കുറയും. വിമുക്തഭടന്മാരുടെ ഒത്തുചേരലുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന എക്‌സ് സർവീസ് ലീഗിൻ്റെ കെട്ടിടങ്ങൾക്ക് വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എന്ന ഗണത്തിൽപ്പെടുത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ നികുതി ഈടാക്കിയിരുന്നത്.

എന്നാൽ വാണിജ്യ ഗണത്തിൽ നിന്ന് അസംബ്ലി ഉപയോഗത്തിലേക്ക് നികുതി പുനർ നിർണയിക്കാൻ മന്ത്രി അദാലത്തിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്വന്തമായി ഓഫിസ് കെട്ടിടങ്ങളുള്ള സംഘടനക്ക് ഭീമമായ തുകയാണ് നികുതി ഇനത്തിൽ വർഷംതോറും ഈടാക്കേണ്ടി വന്നിരുന്നത്. സംസ്ഥാന എക്‌സ് സർവീസ് ലീഗ് പത്തനംതിട്ട ജില്ല കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി പദ്‌മകുമാർ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

പന്തളം നഗരസഭയിലെ കെട്ടിട ലൈസൻസ് പുതുക്കി നൽകാൻ മന്ത്രിയുടെ നിർദ്ദേശം

പന്തളം നഗരസഭയിലെ വ്യാപാരികൾക്ക് അവരുടെ ഉപജീവനമാർഗം നഷ്‌ടപ്പെടില്ല. അനധികൃത നിർമ്മാണം നടത്തി എന്ന പേരിൽ കെട്ടിടത്തിൻ്റെ ലൈസൻസ് നഗരസഭ പുതുക്കി നൽകുന്നില്ലെന്ന വിഷയം ചൂണ്ടിക്കാണിച്ച് പന്തളം വ്യാപാര വ്യവസായ ഏകോപന സമിതി സമർപ്പിച്ച പരാതിയിൽ കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകാൻ മന്ത്രിയുടെ നിർദ്ദേശം.

2024 മാർച്ച്‌ 31 വരെ കാലാവധി ഉണ്ടായിരുന്ന ട്രേഡ് ലൈസൻസുകൾ 2025 മാർച്ച് 31 വരെ കെട്ടിട ക്രമവത്‌കരണ നടപടികൾ പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ പുതുക്കി നൽകണമെന്നാണ് മന്ത്രി നിർദ്ദേശിച്ചത്. പലിശ രഹിതമായി സെപ്റ്റംബർ 30 വരെയും പുതുക്കി നൽകണം. 2014ലെ ക്രമവത്‌കരണ ചട്ടങ്ങൾ പ്രകാരം സമർപ്പിക്കുന്ന അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സെക്രട്ടറി തലത്തിൽ പരിഹരിക്കപ്പെടാത്ത അപേക്ഷകൾ ജില്ലാ തലത്തിൽ പരിഗണിക്കും.

മുൻകാല പ്രാബല്യത്തോടെ നികുതി ആവശ്യപ്പെട്ടവർക്ക് ഡിമാൻഡ് നോട്ടിസ് തീയതി മുതൽ 30 ദിവസം മുമ്പ് വരെയുള്ള പിഴ പലിശയും ഒഴിവാക്കി നൽകണം. ഒപ്പം കുടിശിക 12 ഗഡുക്കളായി അടയ്ക്കുവാൻ അവസരം നൽകണമെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിൻ്റെ അളവ് അസസ്‌മെൻ്റ് രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയെന്ന പരാതികളിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചാൽ നഗരസഭ പരാതിക്കാരൻ്റെ സാന്നിധ്യത്തിൽ വീണ്ടും അളവെടുക്കണമെന്നും അധിക നികുതി ഈടാക്കി എന്ന് ബോധ്യപ്പെട്ടാൽ ഭാവിയിലെ നികുതി തുകയിൽ കുറവ് ചെയ്‌ത് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പന്തളം നഗരസഭയുമായി ബന്ധപ്പെട്ട സമാന സ്വഭാവമുള്ള 187 പരാതികൾ ആണ് മന്ത്രിയുടെ നിർദ്ദേശങ്ങളോടെ തീർപ്പായത്. പരാതിക്കാരുമായി മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്‌ട ർ, മറ്റ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, എന്നിവർ ചർച്ച ചെയ്‌തു. വീണ്ടും വിവരശേഖരണം നടത്തേണ്ട കേസുകളിൽ സർക്കാർ ഉത്തരവ് നമ്പർ 77/2023/എൽ എസ് ജി ഡി പ്രകാരം വിവരശേഖരണം നടത്തണമെന്നും ആക്ഷേപങ്ങൾ ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി, മുനിസിപ്പൽ എഞ്ചിനീയർ എന്നിവർ അടങ്ങുന്ന സമിതി തീർപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പന്തളം നഗരസഭയിലെ പരാതികൾ പരിശോധിച്ച് സർക്കാർ തലത്തിൽ നടപടികൾ ആവശ്യമെങ്കിൽ ഒരുമാസത്തിനകം പ്രൊപ്പോസൽ സമർപ്പിക്കുവാൻ പ്രിൻസിപ്പൽ ഡയറകടറെ മന്ത്രി ചുമതലപ്പെടുത്തി.

512 കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കും:കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ പട്ടയം ലഭിച്ചിട്ടില്ലാത്ത 512 കർഷകരുടെ ഭൂമിക്ക് ഇനി ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. പെരുമ്പെട്ടി സ്വദേശിയായ രാജേഷ് ഡി നായർ തദ്ദേശ അദാലത്തിൽ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. കൃഷി, മൃഗസംരക്ഷണം ഭവന നിർമ്മാണം തുടങ്ങിയ ഒരു മേഖലകളിലെയും ആനുകൂല്യം ഭൂമി ഇല്ലാത്തതിൻ്റെ പേരിൽ സ്ഥലനിവാസികൾക്ക് ലഭിക്കുന്നില്ല. അഞ്ച് തലമുറയായി വനപരിധിക്ക് പുറത്ത് താമസിക്കുന്ന ഇവർക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് അപേക്ഷകൻ ആവശ്യപ്പെട്ടത്.

വർഷങ്ങളായി കൈവശം വച്ച് താമസിച്ചുവരുന്നതും എന്നാൽ ഇതുവരെ പട്ടയം ലഭിച്ചിട്ടില്ലാത്തതുമായ ഭൂമിയിൽ താമസിക്കുന്നവർക്ക് താത്‌കാലിക സ്വഭാവമുള്ള ഉപജീവനോപാധികൾക്കായി ജനകീയ ആസൂത്രണ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദാലത്തിൽ മന്ത്രി അറിയിച്ചു. ഇതിനുള്ള ശുപാർശ വികേന്ദ്രീകരണ സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റിയിൽ സമർപ്പിക്കാനും തുടർനടപടികൾ ദ്രുതഗതിയിലാക്കാനും മന്ത്രി നിർദേശം നൽകി.

Also Read:'തൊഴിലിടങ്ങളില്‍ സ്‌ത്രീ പീഡനം വര്‍ധിക്കുന്നു, വിവാഹം വെറും കച്ചവടമായി കാണുന്നു': പി.സതീദേവി

ABOUT THE AUTHOR

...view details