തിരുവനന്തപുരം :സുഹൃത്ത് ബന്ധം കൊണ്ടും നിർമിച്ച സിനിമകൾ കൊണ്ടും ആരും മറക്കാത്ത വ്യക്തിയാണ് ഗാന്ധിമതി ബാലനെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ബാലൻ എന്തെങ്കിലും ഒരു കാര്യത്തിന് വരാൻ ചാൻസ് കുറവാണ്, പക്ഷെ വന്നാൽ അങ്ങേയറ്റത്തെ കൃത്യതയോടു കൂടിയേ അവസാനിപ്പിക്കൂവെന്നും ഗാന്ധിമതി ബാലന്റെ വിയോഗത്തിൽ മണിയൻപിള്ള രാജു അനുസ്മരിച്ചു.
തലസ്ഥാനത്ത് വലിയൊരു സുഹൃത്ത് വലയം അദ്ദേഹത്തിനുണ്ട്. ബാലന്റെ വിയോഗത്തിലൂടെ നമ്മുടെ നല്ലൊരു ശക്തി പോയി. ബാലന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് താൻ. അദ്ദേഹം തിരുവനന്തപുരത്തായിരുന്നപ്പോൾ ബാലചന്ദ്രമേനോൻ, വേണുനാഗവള്ളി എന്നിവർക്കൊപ്പമാണ് തന്നെ പരിചയപ്പെടുന്നത്. അങ്ങനെയാണ് സുഹൃത്തുക്കളാകുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള ബന്ധമാണ് തനിക്ക് ഗാന്ധിമതി ബാലനുമായുള്ളതെന്ന് നിർമാതാവും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ പറഞ്ഞു. കേവലമൊരു നിർമാതാവെന്ന ചുരുക്കപ്പേരിൽ ഒതുങ്ങേണ്ട വ്യക്തിയല്ല അദ്ദേഹം. ബഹുമുഖ പ്രതിഭ തന്നെയാണ്. ഇനിയൊരു സിനിമ കൂടി നിർമിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. നിർമാണത്തിൽ നിന്ന് മാറിയെങ്കിലും സിനിമയുടെ ഓരോ ചലനങ്ങളും ആവർത്തിച്ച് പഠിച്ചുകൊണ്ടിരിക്കും. മലയാള സിനിമയ്ക്ക് അദ്ദേഹത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.