കോട്ടയം:തേനൂറും മാമ്പഴങ്ങളുടെ രുചി അറിയാൻ കോട്ടയംകാരെ ക്ഷണിച്ച് 'മാമ്പഴക്കാലം' ഫെസ്‌റ്റ്. കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മധ്യവേനൽ അവധിക്ക് മാമ്പഴ മധുരം പകരാൻ മാമ്പഴ ഫെസ്‌റ്റ് തുടങ്ങിയത്. വൈവിധ്യമാർന്ന മാമ്പഴയിനങ്ങള്‍ ഫെസ്‌റ്റില്‍ കാണാം. അൽഫോൻസോയും, ബംഗനപ്പള്ളിയും, നിലവും, മല്ലികയും, മൽഗോവയും തുടങ്ങി നാവിൽ കൊതിയൂറുന്ന അപൂർവ ഇനങ്ങളും ഇവിടെ വിൽപനയ്‌ക്കുണ്ട്.
നാടൻ, വിദേശശ്രേണിയിലുള്ള മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് ഫെസ്‌റ്റില്‍ ഒരുക്കിയിരിക്കുന്നത്. വെള്ളായണി വരിക്ക, കപ്പ മാങ്ങ, മൂവാണ്ടൻ, സിന്ദൂരം, പുളിശ്ശേരി മാങ്ങ, പേരക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, രത്നഗിരി, ദശേരി മാങ്ങ, വാഴ കൂമ്പൻ, തുടങ്ങി പട്ടിക നീളുന്നു.
മധ്യവേനലവധിക്ക് മാമ്പഴ രുചി ആസ്വദിക്കാനായതിൻ്റെ സന്തോഷത്തിലാണ് മേളയിലെത്തിയവർ. പുഷ്‌പ തൈകളുടെയും ഫലവൃക്ഷ തൈകളുടെയും ശേഖരം, ഭക്ഷണസാധനങ്ങള്‍ ഒരുക്കിയിരിക്കുന്ന ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും മാമ്പഴ ഫെസ്‌റ്റില്‍ ഉണ്ട്. ഗൃഹോപകരണങ്ങളും വൻ വിലക്കുറവിൽ ഫെസ്‌റ്റിൽ ലഭ്യമാണ്.