ഇറാൻ പിടികൂടിയ കപ്പലിലെ മലയാളികള്‍ സുരക്ഷിതര്‍ കോഴിക്കോട് : ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ ബന്ധികൾ ആക്കപ്പെട്ട ഇന്ത്യക്കാർ സുരക്ഷിതരാണെന്ന ആശ്വാസം പകരുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. ഇന്നലെ രാത്രി കപ്പൽ കമ്പനിയുടെ മുംബൈ ഓഫിസിൽ നിന്നും കപ്പലിലുള്ള കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ശ്യാംനാഥിന്‍റെ വീട്ടിലാണ് സുരക്ഷിതരാണെന്ന വിവരം വിളിച്ചറിയിച്ചത്.
ശനിയാഴ്‌ചയാണ് ഇറാന്‍റെ അർധ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് ഹോർമുസ് കടലിടുക്കിൽ നിന്നും കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ സമുദ്ര അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ദിവസവും കപ്പൽ കമ്പനിയിൽ ഉള്ളവർ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കുടുംബത്തിന് വലിയ ആശങ്കയായിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ശക്തമായ ഇടപെടലുമായി മുന്നോട്ടു വന്നതോടെ ശ്യാംനാഥിന്‍റെ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഉണ്ടായത്. പ്രശ്‌നത്തിൽ ഇറാൻ സർക്കാരുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കർ ചർച്ച നടത്തി എന്ന വാർത്തയും പുറത്തുവന്നതോടെ വലിയ സന്തോഷത്തിലാണ് കുടുംബം.
കഴിഞ്ഞ മെയ് മാസമാണ് ശ്യാംനാഥ് വെള്ളിപറമ്പ് തേലംപറമ്പിലുള്ള വിശ്വം എന്ന വീട്ടിലെത്തിയത്. വിവാഹിതനായ ശേഷം സെപ്റ്റംബറിലാണ് എംഎസ്‌സി എന്ന കമ്പനിയുടെ കപ്പലിലേക്ക് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. പത്തുവർഷം മുൻപാണ് ഈ കമ്പനിയിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചത്.
അതിനിടയിൽ ആദ്യത്തെ ദുരനുഭവമാണ് ഇപ്പോഴുണ്ടായത്. സെക്കൻഡ് ഓഫിസറായാണ് ഇപ്പോൾ ശ്യാംനാഥ് കപ്പലിൽ ജോലി ചെയ്യുന്നത്. പിതാവ് വിശ്വനാഥൻ മുമ്പ് ആർമിയിലും ലക്ഷദ്വീപ് മിനിസ്ട്രി ഓഫ് ഷിപ്പിങ് കോർപ്പറേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് ശ്യാമളയും ഭാര്യ മേഘയും മുംബൈ ടാറ്റയിൽ ജോലി ചെയ്യുന്ന സഹോദരൻ ശങ്കറും ആണ് വീട്ടിലുള്ളത്.
ശ്യാംനാഥിന് ഉണ്ടായ ദുരനുഭവമറിഞ്ഞ് നിരവധി പേരാണ് വെള്ളിപറമ്പിലെ വിശ്വം എന്ന വീട്ടിലെത്തി ബന്ധുക്കൾക്ക് ആശ്വാസം പകരുന്നത്. ഏതു നേരവും ബന്ദിയാക്കപ്പെട്ട മകനെ വിട്ടയയ്ക്കും എന്ന സന്തോഷകരമായ വാർത്തക്കു വേണ്ടി കാത്തിരിക്കുകയാണ് കുടുംബം. കൂടാതെ മോചനത്തിനായി സർക്കാർതലത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നതിനാൽ എത്രയും പെട്ടെന്ന് മോചനം നടക്കും എന്നാണ് ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.
ALSO READ:ഇറാന്‍ പിടികൂടിയ കപ്പലിലെ മൂന്ന് മലയാളികളും സുരക്ഷിതരെന്ന് റിപ്പോർട്ട്