കേരളം

kerala

ETV Bharat / state

ചന്ദ്രൻ തിളങ്ങി, താരത്തിളക്കം മങ്ങി; കൊല്ലം പിടിച്ചെടുത്ത് യുഡിഎഫ് - KOLLAM CONSTITUENCY

കൊല്ലത്ത് ആർ എസ് പി സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ ബിജെപിയെയും എൽഡിഎഫിനെയും പിന്നിലാക്കി 1,48,655 ലക്ഷം വോട്ടുകൾക്ക് വിജയിച്ചു.

KOLLAM  Lok Sabha Election Results 2024  തെരഞ്ഞെടുപ്പ് 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 11:09 AM IST

Updated : Jun 4, 2024, 8:10 PM IST

കൊല്ലം:വോട്ടെണ്ണൽ ആരംഭിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ജനമനസ്സ് എൻ കെ പ്രേമചന്ദ്രമൊപ്പമാണെന്ന് ലീഡ് തെളിയിച്ചു. ആദ്യം മുൻപന്തിയിലുണ്ടായിരുന്ന എം മുകേഷിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി ലീഡ് നിലനിർത്തി. മറ്റ് സ്ഥാനാർഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കി എൻ കെ പ്രേമചന്ദ്രൻ മുഴുവൻ നേടിയത് 4,37ട516 ലക്ഷം വോട്ടുകളാണ്.

1,48,655 ലക്ഷം വോട്ടുകൾക്ക് മുകളിൽ ലീഡ് നിലനിർത്താൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി. എൽ ഡി എഫ് സ്ഥാനാർത്ഥി എം.മുകേഷിന് 2,88,861 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാർത്ഥി കെ കൃഷ്‌ണ കുമാറിന് കൊല്ലത്ത് നിന്ന് ജയിക്കാമെന്ന് കരുതിയിരുന്നെങ്കിലും പരാജയപ്പെട്ടു. 1,60,956 വോട്ടുകളാണ് ആകെ ലഭിച്ചത്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനും രണ്ട് ചലച്ചിത്ര താരങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോര് എന്ന നിലയിലും കൊല്ലത്തെ തെരഞ്ഞെടുപ്പ് പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. മണ്ഡലത്തില്‍ ബിജെപി-യുഡിഎഫ് അടിയൊഴുക്കുകളുണ്ടെന്നും ജയിച്ച് കഴിഞ്ഞാല്‍ പ്രേമചന്ദ്രന്‍ ബിജെപി പാളയത്തിലെത്തുമെന്നുമാണ് സിപിഎം ക്യാമ്പിന്‍റെ പ്രചാരണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് പാര്‍ലമെന്‍റ് ക്യാന്‍റീനില്‍ കഴിച്ച ഒരു ഉച്ചയൂണാണ് ഈ ആരോപണത്തിന് പിന്നില്‍.

ഇടത് വലത് മുന്നണികള്‍ ഒരു പോലെ വിജയിച്ച് കയറിയ ചരിത്രമാണ് കൊല്ലത്തിനുള്ളത്. എങ്കിലും ആര്‍എസ്‌പിക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ ഏക മേഖലയാണിത് പ്രത്യേകതയുണ്ടായിരുന്നു. പാര്‍ട്ടിയുടെ വികാരമായിരുന്ന കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കുകയും ആര്‍എസ്‌പിയെ തഴയുകയും ചെയ്‌തതോടെ ആയിരുന്നു 2014ല്‍ ആര്‍എസ്‌പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയത്.

അന്ന് എന്‍ കെ പ്രേമചന്ദ്രനെ ആയിരുന്നു ആര്‍എസ്‌പി കളത്തിലിറക്കിയത്. സിപിഎമ്മിനെ തറപറ്റിച്ച പ്രേമചന്ദ്രന്‍ 2019ലും വിജയം ആവര്‍ത്തിച്ചു. ഹാട്രിക് വിജയം ലക്ഷ്യമിട്ട് പ്രേമചന്ദ്രന്‍ ഇക്കുറി കളത്തിലിറങ്ങിയപ്പോള്‍ കൊല്ലത്തെ സിറ്റിങ്ങ് എംഎല്‍എയായ മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്ന സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണ്.

ആര്‍എസ്‌പിയുടെ എന്‍ ശ്രീകണ്‌ഠന്‍ നായരാണ് 1951ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. 1957ല്‍ സിപിഐയുടെ കൊടിയന്‍ വിജയിച്ചു. പിന്നീട് ഏഴ് തവണ ആര്‍എസ്‌പിയുടെ കുത്തകമണ്ഡലമായി കൊല്ലം നിലനിന്നു. 62ലെ തെരഞ്ഞെടുപ്പില്‍ ശ്രീകണ്‌ഠന്‍ നായര്‍ മണ്ഡലം തിരിച്ച് പിടിച്ചു. പിന്നീട് 77 വരെ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അഞ്ച് തവണയാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. 1980ല്‍ ശ്രീകണ്ഠന്‍നായരെ പരാജയപ്പെടുത്തി കോണ്‍ഗ്രസിെല ബി കെ നായര്‍ വിജയിച്ചു. അടുത്ത തവണയും ബി കെ നായര്‍ വിജയിച്ചു. 89ല്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന എസ് കൃഷ്‌ണകുമാറിനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1989ലും 1991ലും കൃഷ്‌ണകുമാര്‍ വിജയിച്ചതോടെ ശ്രീകണ്ഠന്‍ നായര്‍ക്ക് ശേഷം കൊല്ലത്ത് നിന്ന് ഹാട്രിക് വിജയം നേടുന്ന നേതാവായി കൃഷ്‌ണകുമാര്‍ മാറി.

1996ലായിരുന്നു ആര്‍എസ്‌പിയുടെ അന്നത്തെ യുവനേതാവായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ തന്നെ അദ്ദേഹം കൃഷ്‌ണകുമാറിനെ വീഴ്‌ത്തി. 78,370 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്‍റെ വിജയം. 98ലും പ്രേമചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെ തഴഞ്ഞ് കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തു. ബേബി ജോണ്‍ അടക്കമുള്ള നേതാക്കള്‍ ആര്‍എസ്‌പി പിളര്‍ത്തി ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. അങ്ങനെ ആദ്യമായി സിപിഎം കൊല്ലത്ത് മത്സരിക്കാനിറങ്ങി. ആദ്യ പോരാട്ടത്തില്‍ പി രാജേന്ദ്രന്‍ സിപിഎമ്മിന് വേണ്ടി വിജയിച്ചു.

2014ലും ആര്‍എസ്‌പിക്ക് സീറ്റ് നല്‍കാതെ സിപിഎം മത്സരിക്കാനൊരുങ്ങിയതോടെ ആര്‍എസ്‌പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. ആ വര്‍ഷം കൊല്ലത്ത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമായിരുന്നു. യുഡിഎഫ് പ്രേമചന്ദ്രനെ തന്നെ കളത്തിലിറക്കിയപ്പോള്‍ എം എ ബേബിയെ സിപിഎം നിയോഗിച്ചു.

എന്നാല്‍ സിപിഎമ്മിന് പിഴച്ചു. 37,649 വോട്ടിന് പ്രേമചന്ദ്രന്‍ വിജയിച്ചു. കെ പ്രേമചന്ദ്രന്‍ 4,08,528 വോട്ട് സ്വന്തമാക്കിയിരുന്നു. രണ്ടാമതെത്തിയ മുന്‍മന്ത്രി കൂടിയായ എം എ ബേബിക്ക് 3,70879 വോട്ടുകളാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയുടെ പി എം വേലായുധന് 58,671 വോട്ടുകള്‍ നേടാനായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗമടക്കം പരാജയത്തിന് കാരണമായതായി സിപിഎം പിന്നീട് വിലയിരുത്തി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പി സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ജയിച്ചു കയറി. 4,99,667 വോട്ട്‌ സ്വന്തമാക്കിയായിരുന്നു പ്രേമചന്ദ്രന്‍റെ വിജയം. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് 3,50,821 വോട്ടുകളേ നേടാനായുള്ളൂ. 148856 വോട്ടിന്‍റെ കൂറ്റന്‍ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കെ വി സാബുവിന് 1,03339 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 74.41ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

കൊല്ലം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ ലഭ്യമായ അന്തിമ കണക്കുകള്‍ പ്രകാരം 68.15 ശതമാനം ആണ് പോളിങ്ങ് നടന്നത്. 904047 പേര്‍ വോട്ട് ചെയ്‌തു. 479906 സ്‌ത്രീകള്‍ / 424134 പുരുഷന്‍മാര്‍/ 7 മറ്റുള്ളവര്‍ എന്നിങ്ങനെയാണ് വോട്ടെണ്ണം. ഏഴു നിയമസഭ മണ്ഡലങ്ങളായ ചവറ 125584, പുനലൂര്‍ 134724, ചടയമംഗലം 139432, കുണ്ടറ 144062, കൊല്ലം 119308, ഇരവിപുരം 117571, ചാത്തന്നൂര്‍ 123366 എന്നിങ്ങനെയാണ് വോട്ടുചെയ്‌തവരുടെ എണ്ണം.

ഏറ്റവുമധികം പോളിങ് കുണ്ടറ അസംബ്ലി മണ്ഡലത്തിലായിരുന്നു. കുറവ് ഇരവിപുരവും. സ്‌ത്രീകള്‍ ഏറ്റവുമധികം വോട്ടു ചെയ്‌തത് ചടയമംഗലം നിയോജക മണ്ഡലത്തിലും (76175) പുരുഷന്മാര്‍ ഏറ്റവുമധികം വോട്ട് ചെയ്‌തത് കുണ്ടറ നിയോജക മണ്ഡലത്തിലുമായിരുന്നു (67964).

Also Read:

  1. തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
  2. രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
  3. ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം
Last Updated : Jun 4, 2024, 8:10 PM IST

ABOUT THE AUTHOR

...view details