തിരുവനന്തപുരം :അന്ധകാരശക്തികൾ മണിപ്പൂരിൽ ക്രൂരപീഡനം നടത്തുന്നുവെന്നും ക്ഷുദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടുവരാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. ഇത്തരം അനീതികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി സന്ദേശത്തിൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും (CAA) അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിൽ സഹോദരന്മാർക്കൊപ്പം നില്‍ക്കാൻ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് കാണണം. മതാധിഷ്‌ഠിത വിവേചനം നല്ലതല്ലെന്നും തോമസ് ജെ നെറ്റോ വ്യക്തമാക്കി (Discrimination On The Basis Of Religion Is Not Good).
മതത്തിന്‍റെയും വർഗത്തിന്‍റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ദുഃഖവെള്ളി സന്ദേശത്തിൽ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണെന്നും, ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യൻ രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്‍റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.