കണ്ണൂര്‍: ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപ്പുഴയുടെ തീരത്തുള്ള കൊട്ടിയൂര്‍ ക്ഷേത്രം ആചാരത്തിലെ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന തീർഥാടന കേന്ദ്രമാണ്. യാഗകര്‍മ്മിയായ മുനിയുടെ താടിയെന്ന സങ്കല്‍പ്പം വച്ച് പ്രസാദം നല്‍കുന്ന ഏക ദേവസ്ഥാനമാണ് കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഉത്സവകാലത്ത് മാത്രം പ്രവേശനമുളള, വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരില്‍ സ്വയം ഭൂവെന്ന് സങ്കല്‍പ്പിക്കുന്ന ശിവലിംഗമാണ് ആരാധനാകേന്ദ്രം.
ക്ഷേത്ര സങ്കല്‍പ്പത്തിനും ക്ഷേത്രാരാധനയ്‌ക്കും സവിശേഷമായ മാനം കൈവരുത്താന്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് കഴിയുന്നു. ഐശ്വര്യത്തിന്‍റെ പ്രതീകമായി ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്‍പ്പിച്ച് ഭക്തന്‍മാര്‍ ഓടപ്പൂ കൊണ്ടുപോവുകയും വീടുകളില്‍ തൂക്കിയിടുകയും ചെയ്യുന്നത് ദക്ഷയാഗത്തിന്‍റെ സ്‌മരണകളുമായാണ്. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയതെന്നാണ് ഐതിഹ്യം.
ദക്ഷ പ്രജാപതി മഹായാഗത്തിന് സ്വന്തം പുത്രിയായ സതീദേവിയേയും ഭര്‍ത്താവായ മഹാദേവനേയും ഒഴിവാക്കി മറ്റ് ദേവന്‍മാരേയും പ്രമാണിമാരേയുമെല്ലാം ക്ഷണിച്ചു. എന്നാൽ സതീദേവി യാഗം കാണാൻ അത്യധികം ആഗ്രഹിച്ചു. പിതാവ് തന്നെ അപമാനിക്കുമെന്നും അതിനാല്‍ യാഗത്തിന് പോകരുതെന്നും മഹാദേവന്‍ കൽപ്പിച്ചെങ്കിലും സതീദേവി വഴങ്ങിയില്ല. ഒടുക്കം യാഗത്തിന് പങ്കെടുക്കാന്‍ ശിവൻ പത്‌നിക്ക് അനുവാദം നല്‍കുകയും ഒപ്പം കൂട്ടിനായി ശിവഭൂതങ്ങളെ അയയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ യാഗശാലയില്‍ പ്രവേശിച്ച ഉടനെ മഹാദേവനോടുള്ള വിരോധത്താല്‍ ദക്ഷന്‍ സതീദേവിയെ അവഹേളിച്ചു. അപമാനിതയായ സതീദേവി സ്വന്തം യോഗശക്തിയാല്‍ ഉണ്ടാക്കിയ അഗ്നിയില്‍ ജീവത്യാഗം ചെയ്‌തു. ദേവിയുടെ വിയോഗത്തില്‍ കോപിഷ്‌ഠനായ ശിവന്‍ തന്‍റെ ജട പിടിച്ച് നിലത്തടിക്കുകയും അതില്‍ നിന്ന് വീരഭദ്രന്‍ എന്ന മൂര്‍ത്തിയെ സൃഷ്‌ടിച്ച് ദക്ഷയാഗം മുടക്കാന്‍ ആവശ്യപ്പെട്ടു. വീരഭദ്രന്‍ പരമശിവന്‍റെ ആജ്ഞ സ്വീകരിച്ച് യാഗശാലയില്‍ കയറി യാഗം മുടക്കുകയും ദക്ഷപ്രജാപതിയുടെ ശിരസറുത്ത് ഹോമകുണ്ഡത്തില്‍ എറിയുകയും ചെയ്‌തു.