എറണാകുളം:ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പിന് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് മൃഗങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്‌റ്റിസ് പി ഗോപിനാഥും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയത്. എഴുന്നള്ളിപ്പിനായുള്ള ആനകളുടെ എണ്ണം സ്ഥലത്തിന്‍റെ ലഭ്യത അനുസരിച്ചാകണം.
ആനകളെ ഉപയോഗിക്കുന്നതിന് ഘോഷയാത്രയുടെ തലേദിവസം അനുമതി വാങ്ങുന്ന പതിവ് ഒഴിവാക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. ആനകളുടെ വെരിഫിക്കേഷൻ എഴുന്നള്ളിപ്പിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ വിഷയം പരിഗണിക്കവെ മംഗലാംകുന്ന് ഉമാമഹേശ്വരൻ എന്ന ആനയുടെ ഉടമയെയും ഹൈക്കോടതി വിമർശിച്ചു. ആനയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടായത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ സാധാരണ നിലയിലുണ്ടായ മുറിവുകളാണ് അതെന്നായിരുന്നു ഉടമ കോടതിക്ക് നൽകിയ മറുപടി.