തിരുവനന്തപുരം: 15-ാം നിയമസഭയുടെ 11-ാം സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ബജറ്റിലെ ധനാഭ്യര്‍ത്ഥനകളാകും നാളെ മുതല്‍ ജൂലൈ 25 വരെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പ്രധാന അജണ്ട. ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്‌ത ശേഷം സബ്‌ജക്‌ട് കമ്മിറ്റികളുടെ പരിഗണനയില്‍ മാറ്റാം. 28 ദിവസങ്ങളിലേക്ക് മാത്രമാകും നിയമസഭ സമ്മേളനം കൂടുക.
ലോക കേരളസഭ ഇത്തവണ നിയമസഭ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ജൂണ്‍ 13, 14, 15 തീയതികളിലാണ് നടക്കുക. ഈ ദിവസങ്ങളില്‍ സഭ ചേരില്ല. ഉപധനാഭ്യര്‍ത്ഥനകളും ധനവിനിയോഗ ബില്ലുകളും ഈ സമ്മേളന കാലയളവില്‍ പാസാക്കും. നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ നാളെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ സെഷനുമുണ്ടാകും. കേരള പഞ്ചായത്തി രാജ് ഭേദഗതി ബില്‍, കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്‍ എന്നിവയും ഈ സഭ കാലയളവില്‍ ചര്‍ച്ചയാകും.