കാസർകോട്: ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ അബ്‌ദുൾ സത്താർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ചന്തേര പൊലീസ് സബ് ഇൻസ്പെക്‌ടർ പി അനൂപിനെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവം നടക്കുമ്പോൾ
കാസർകോട് സബ് ഇൻസ്പെക്‌ടർ ആയിരുന്നു അനൂപ്. ഡ്രൈവറുടെ ആത്മഹത്യയ്ക്ക് പിന്നാലെ അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ നടപടി എടുത്തത്.
എസ്ഐക്ക് എതിരെ ഉയർന്നു വന്ന പരാതികളിൽ എല്ലാം അന്വേഷണം ഉണ്ടാകും. അനൂപിനെ സർവീസിൽ നിന്ന് നീക്കണമെന്ന് അബ്‌ദുൾ സത്താറിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അതിനിടെ എസ്ഐ അനൂപ് ഓട്ടോറിക്ഷ തൊഴിലാളികളോട് മോശമായി പെരുമാറുന്ന വീഡിയോയും പുറത്ത് വന്നു. കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ നൗഷാദിനോട് എസ് ഐ മോശമായി പെരുമാറുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഓട്ടോ ഡ്രൈവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാതിരുന്നപ്പോൾ എസ്ഐ അനൂപ് ഇടപെട്ടതാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഓട്ടോ ഡ്രൈവർമാരോട് എസ്ഐ പകയോടെയാണ് പെരുമാറിയതെന്ന പരാതിയെ തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.