തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ രാജ്യസഭ അംഗത്വം തിങ്കളാഴ്‌ച അവസാനിക്കാനിരിക്കെ 2009 മുതൽ ലോക്‌സഭയിലും 2019 മുതല്‍ രാജ്യസഭയിലും അംഗമായിരിക്കവെ നടപ്പാക്കിയ വികസന പദ്ധതികൾ അദ്ദേഹം വിവരിച്ചു. രാജ്യസഭയിലേക്ക് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ഒരു നോളജ് ഹബ് ആക്കുന്നതിലാണ് മുഖ്യ പരിഗണന നൽകിയത് എന്ന് എംപി പറഞ്ഞു.
കോട്ടയം മണ്ഡലത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകളെ ആദർശ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി എന്നതും മേൽപ്പാലങ്ങൾക്ക് ബഡ്‌ജറ്റിൽ തുക അനുവദിപ്പിക്കാൻ ആയി എന്നതും വികസന നേട്ടങ്ങളായി എംപി ചൂണ്ടിക്കാട്ടി. 200 കോടിയിലധികം ചിലവിട്ട റോഡ് വികസനവും പാലായിലെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജി എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനും കോട്ടയത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.