എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ഹോട്ടലിൽ ആക്രമണം നടത്തുകയും ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയതിനുമാണ് കേസ്. കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്.
ഭക്ഷണം വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് പൾസർ സുനിക്കെതിരായ പരാതി. ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്ന് പൊലീസിന്‍റെ എഫ്‌ഐആറിലും വ്യക്തമാക്കുന്നു.
ഞായറാഴ്‌ച (ഫെബ്രുവരി 23) രാത്രിയിലാണ് സംഭവം നടന്നത്. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതിനെ തുടർന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചില്ല് ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്‌തു. തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനിക്കെതിരെ പുതിയ കേസ് എന്നത് പ്രാധാന്യമർഹിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
പുതിയ കേസ് റജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ പൾസർ സുനിയുടെ നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസിന് കോടതിയെ സമീപിക്കാൻ കഴിയും. പൾസർ സുനിക്ക് വേണ്ടി ഹൈക്കോടതിയിൽ നിരവധി തവണയും സുപ്രിം കോടതിയിലും ജാമ്യാപേക്ഷകൾ സമർപ്പിക്കപ്പെട്ടിരുന്നു. പൾസർ സുനിക്ക് പിന്നിൽ ആരാണെന്ന ചോദ്യം പോലും ഹൈക്കോടതി ഉന്നയിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വില കൂടിയ കാറുകളിൽ സഞ്ചരിക്കുന്ന പൾസർ സുനിയെ കണ്ട് നാട്ടുകാരും ആശ്ചര്യപ്പെട്ടിരുന്നു.
Also Read:ബോണറ്റിലും ഡിക്കിയിലും ഇരുന്ന് റോഡിൽ അഭ്യാസ പ്രകടനം, ഫുട്‌ബോൾ വിജയാഘോഷം അതിരുകടന്നു; തൂക്കി പൊലീസ്