കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ - GUEST WORKER PORTAL IN KERALA - GUEST WORKER PORTAL IN KERALA

ആവശ്യമെങ്കില്‍ നിയമഭേദഗതി. തൊഴില്‍ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

MOBILE APPLICATION  CM PINARAYI VIJAYAN  migrant workers IN KERALA  LATEST NEWS IN MALAYALAM
CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 10:48 PM IST

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്‌ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.

രജിസ്‌ട്രേഷന്‍റെ ഉത്തരവാദിത്തം തൊഴില്‍ദാതാവില്‍ നിക്ഷിപ്‌തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്‌ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്‌തമാക്കും. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴില്‍ദാതാവോ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനോ തന്‍റെ രജിസ്‌ട്രേഷന്‍ അക്കൗണ്ടില്‍ നിന്ന് ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോള്‍ തൊഴിലാളിയുടെ യൂണീക് നമ്പര്‍ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും

തൊഴില്‍ദാതാവ്, ലേബര്‍ കോണ്‍ട്രാക്‌ടര്‍മാര്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ ലേബര്‍ ഓഫീസില്‍ തങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത് ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നതോ താമസിപ്പിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പിക്കണം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൊഴില്‍, വ്യവസായ, തദ്ദേശ സ്വയംഭരണ, പൊലീസ് വകുപ്പുകള്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തും.

വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ കോര്‍ഡിനേഷന്‍ സമിതികള്‍ രൂപികരിക്കും. ഓരോ വകുപ്പിലും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. ലേബര്‍ കോണ്‍ട്രാക്‌ടര്‍മാര്‍, സ്ഥാപന ഉടമകള്‍, താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്‍റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവര്‍ക്കരണ പരിപാടികളും ക്ലാസുകളും നടത്തും.


1979ല്‍ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കില്‍ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യും. യോഗത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മോധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ; തിരുവനന്തപുരം നഗരസഭയുടെ നിയമാവലി ഉപേക്ഷിച്ചു

ABOUT THE AUTHOR

...view details