പത്തനംതിട്ട : തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയതു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പത്തനംതിട്ട ചെന്നിർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44)യെയാണ് ആറന്മുള പൊലീസ് എറണാകുളത്തു നിന്ന് കണ്ടെത്തി അറസ്റ്റ് ചെയതത്.
2013 ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരവേയാണ് എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി എന്നും രേഖ എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ, പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.