തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കി. എകെജി സെന്‍ററില്‍ മൂന്ന് ദിവസമായി നടക്കുന്ന നേതൃയോഗങ്ങള്‍ക്കിടെ പ്രകാശ് ജാവദേക്കര്‍ - ഇപി ജയരാജന്‍ കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതായും ഇതിന് പിന്നാലെ ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചതായുമാണ് സൂചന. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ഇപിയെ നീക്കി പകരം കണ്‍വീനര്‍ സ്ഥാനത്തേക്ക് ടിപി രാമകൃഷ്‌ണനെയാകും പരിഗണിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തൊട്ടു തലേദിവസം പുറത്തു വന്ന ഇ പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയുടെ വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ തിരുത്തല്‍ നടപടികളും നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും സജീവ ചര്‍ച്ച വിഷയമായ നേതൃയോഗത്തില്‍ ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നതായാണ് വിവരം.