വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഎമ്മിന് തിരിച്ചടിയായി ഇപി ജയരാജന്‍റെ ആത്മകഥയിലെ പരാമര്‍ശം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് അടക്കമുള്ള കാര്യങ്ങളാണ് ഇപിയുടെ 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന ആത്മകഥയില്‍ കുറിച്ചിട്ടുള്ളത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പുസ്‌തകത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിട്ടുണ്ട്.
പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകളെല്ലാം തിരുത്തണമെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയത്. പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറയുന്നുണ്ട്.
പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിനെതിരെയും വിമര്‍ശനമുണ്ട്. സരിനെ സ്ഥാനാര്‍ഥി ആക്കിയതിലും ഇപി അതൃപ്‌തി അറിയിക്കുന്നുണ്ട്. ചേലക്കരയിലെ അന്‍വറിന്‍റെ സ്ഥാനാര്‍ഥി എല്‍ഡിഎഫിന് ദോഷമുണ്ടാക്കുമെന്നും പുസ്‌തകത്തില്‍ പറയുന്നു.