തിരുവനന്തപുരം :പരിഷ്കരിച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ സമരം ശക്തമാക്കിയിരിക്കെ പരിഷ്കാരവുമായി മുന്നോട്ടു പോകാൻ ഗതാഗത വകുപ്പ്. ഇപ്പോൾ നടക്കുന്ന സമരം അനാവശ്യവും പൊതുജന താൽപര്യത്തിനെതിരും നിയമവിരുദ്ധവും കോടതി നിർദേശങ്ങൾക്കെതിരുമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സാധ്യമാകുന്ന പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യഭൂമിയിലോ ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ അടിയന്തരമായി സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദേശം നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ അവ വാടകയ്ക്ക് എടുത്ത് ടെസ്റ്റ് മുടക്കം കൂടാതെ നടത്തുന്നതിനും നിർദേശം നൽകി. സ്ലോട്ട് ലഭിച്ച് ടെസ്റ്റിന് എത്തുന്ന അപേക്ഷകരെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ തടസപ്പെടുത്തുന്നതും നിസാരകാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നതുമായുള്ള രീതി ചില ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.