കേരളം

kerala

ETV Bharat / state

ആര്‍എസ്എസ് നേതാക്കളെ കണ്ടതിൻ്റെ കാരണം വ്യക്തമല്ല; അജിത്കുമാറിൻ്റെ വാദം തള്ളി ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ട് പുറത്ത്. എംആര്‍ അജിത്കുമാർ ആര്‍എസ്എസ് നേതാക്കളെ കണ്ടതിൻ്റെ കാരണം വ്യക്തമല്ല. അടച്ചിട്ട മുറിക്കുള്ളില്‍ വച്ചായതിനാല്‍ സന്ദര്‍ശനോദ്ദേശ്യം വ്യക്‌തമല്ലെന്ന് റിപ്പോര്‍ട്ടിൽ പറഞ്ഞു.

ADGP MR AJITKUMAR  എഡിജിപി ആർഎസ്എസ് വിവാദം  ADGP MR AJITKUMAR ROW  LATEST MALAYALAM NEWS
ADGP MR AJITKUMAR (ETV Bharat)

By ETV Bharat Kerala Team

Published : Oct 15, 2024, 4:13 PM IST

തിരുവനന്തപുരം: ക്രമസമാധാന ചുമതയിലിരിക്കെ എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിൻ്റെ കാരണം വ്യക്തമല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ട്. സന്ദര്‍ശനം ഇരുവരും തമ്മില്‍ അടച്ചിട്ട മുറിക്കുള്ളില്‍ വച്ചായതിനാല്‍ സന്ദര്‍ശനോദ്ദേശ്യം നിര്‍ണയിക്കുക സാധ്യമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ആര്‍എസ്എസ് ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബാലെയേയും റാം മാധാവിനെയും കണ്ട കാര്യം അജിത്കുമാര്‍ അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്‌ടേബർ 15) നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

സംസ്ഥാനത്തെത്തുന്ന എല്ലാ ദേശീയ നേതാക്കളെയും താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും അത്തരത്തില്‍ സൗഹൃദ സന്ദര്‍ശനമാണ് ദത്താത്രേയ ഹൊസബാലേയുമായും റാംമാധവുമായും നടത്തിയതെന്നുമാണ് അജിത്കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ഒരു സൗഹൃദ സന്ദര്‍ശനമാണെന്ന് ഉറപ്പിക്കുന്ന തെളിവുകളില്ലെന്നും ഉദ്ദേശ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ടിൻ്റെ കണ്ടെത്തലുകള്‍:

2023 ഏപ്രിലില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പില്‍ വച്ച് സ്വകാര്യമായണ് അജിത്കുമാര്‍ സന്ദര്‍ശനം നടത്തിയതെന്ന് അദ്ദേഹം മൊഴി നല്‍കി. എന്നാല്‍ സന്ദര്‍ശന കാരണം അവ്യക്തമാണ്. സൗഹൃദ സന്ദര്‍ശനമെന്ന് എഡിജിപി നല്‍കിയ മൊഴി യഥാര്‍ത്ഥമാണെന്ന് തീരുമാനിക്കാനാകില്ല. കാരണം അദ്ദേഹം അടച്ചിട്ട മുറിയില്‍ വച്ചാണ് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയത്.

അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ സാക്ഷികളൊന്നുമില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച എന്തെന്ന് വ്യക്തമല്ല. അങ്ങനെയുള്ള ഒരു സന്ദര്‍ശനത്തെ സൗഹൃദ സന്ദര്‍ശനമെന്ന് വിലയിരുത്താനും കഴിയില്ല. പ്രസിഡൻ്റില്‍ നിന്ന് സ്‌തുത്യര്‍ഹ സേവന മെഡല്‍ നേടുന്നതിന് ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായും യുപിഎസ്‌സിയുടെ സെലക്‌ട് ലിസ്റ്റില്‍ അദ്ദേഹത്തെ സംസ്ഥാനത്തെ ഡിജിപിയും പൊലീസ് മേധാവിയുമായി ഉള്‍പ്പടുത്തുന്നതിന് കൂടിയായിരുന്നു സന്ദര്‍ശനമെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ അതിനും തെളിവില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എംആര്‍ അജിത്കുമാര്‍ അന്വേഷണ സംഘത്തിന് സെപ്‌തംബര്‍ 27ന് നല്‍കിയ മൊഴി:

സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ്‌ സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എംആര്‍ അജിത്കുമാറിൻ്റെ മൊഴി ഇപ്രകാരമാണ്. 2023 ഏപ്രിലില്‍ താന്‍ തൃശൂര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് തൻ്റെ കുടുംബ സുഹൃത്തായ ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖ് ജയകുമാറിനെ കണ്ടു. തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു സന്ദര്‍ശനം.

ഇരുവരും തമ്മില്‍ ചായ കുടിച്ചിരിക്കുന്നതിനിടെയാണ് ജയകുമാര്‍ തൃശൂരിലെ ആര്‍എസ്‌എസ് ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹെസബാലേ ഉണ്ടെന്നറിയിക്കുന്നത്. ഇതറിഞ്ഞ അജിത്കുമാര്‍ സന്ദര്‍ശന താത്പര്യം ജയകുമാറിനെ അറിയിച്ചു. ജയകുമാര്‍ തന്നെ സജ്ജമാക്കിയ സ്വകാര്യ വാഹനത്തില്‍ ഹൊസബാലേയെ കാണാന്‍ പോയി. സ്വകാര്യ സന്ദര്‍ശനമായതിനാലാണ് ഔദ്യോഗിക വാഹനം വേണ്ടെന്ന് വച്ചത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനം ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നത്.

ഈ ക്യാപില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉണ്ണിരാജനും ഉണ്ടായിരുന്നു. അജിത്കുമാറിൻ്റെ മൊഴിപ്രകാരം ഈ സന്ദര്‍ശനം തികച്ചും വ്യക്തിപരവും സ്വകാര്യവും ആയിരുന്നു. 2023 ജൂണ്‍ 6ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ കോവളം ലീല റാവിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ അജിത്കുമാറും ക്ഷണിതാവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ജോണ്‍ ബ്രിട്ടാസ് എംപി, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരം കമല്‍ഹസന്‍, റാണാ ദഗ്ഗുബതി തുടങ്ങിയവരും ക്ഷണിതാക്കളായിരുന്നു.

ബിജെപി ദേശീയ നേതാവ് റാം മാധവും ക്ഷണിതാവായി കോണ്‍ക്ലേവിനെത്തി. കോണ്‍ക്ലേവിന് ശേഷം റാവിസ് ഗ്രൂപ്പിൻ്റെ വൈസ് പ്രസിഡൻ്റ് ആശിശ് നായര്‍ അദ്ദേഹത്തെ റാം മാധവിൻ്റെ മുറിയിലേക്ക് തനിക്കൊപ്പം പോകാനായി ക്ഷണിച്ചു. റാവിസ് ഹോട്ടല്‍ അവരുടെ ഇടപാടുകാര്‍ക്ക് ഏര്‍പ്പെടുത്തുന്ന ആയൂര്‍വേദം ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ പ്രദര്‍ശനം റാം മാധവിനായി ഏര്‍പ്പെടുത്തിയിരുന്നിടത്തേക്കാണ് ക്ഷണിച്ചത്.

അവിടെ കോണ്‍ക്ലേവ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന റാം മാധവിന് ചില ആയൂര്‍വേദ എണ്ണകളും മരുന്നുകളും ഹോട്ടലിൻ്റെ ഭാഗമായി നല്‍കി. അതിന് ശേഷം എഡിജിപി ഹോട്ടിലേക്ക് മടങ്ങി. സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നെന്നാണ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

Also Read:ചീഫ്‌ സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണത്തിനെത്തി; എഡിജിപിയുടെ കൂടിക്കാഴ്‌ചയില്‍ അസ്വാഭാവികത ഇല്ലെന്ന് ആർഎസ്എസ് നേതാവ് ജയകുമാർ

ABOUT THE AUTHOR

...view details