തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റില്‍ അവതരിപ്പിച്ച 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിൽ കേരളത്തിന് അവഗണനയാണ് നേരിടേണ്ടിവന്നതെന്നാണ് പരക്കെ വിമര്‍ശനം. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രളയം ബാധിച്ച വയനാടിന്‍റെ പുനരധിവാസത്തിനുള്ള ഫണ്ടും പോലുള്ള സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങൾ ബജറ്റില്‍ മുഖവിലയ്‌ക്കെടുക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്തിന് പ്രതീക്ഷിച്ചത്ര വിഹിതം നൽകാത്തതിന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേന്ദ്ര ബജറ്റ് 'നിരാശാജനകവും' 'അപലപനീയവുമാണ്' എന്ന് തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ വിഷയത്തില്‍ കേന്ദ്രത്തിനായി പ്രതിരോധം തീര്‍ക്കാന്‍ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ജോർജ് കുര്യൻ രംഗത്ത് വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേന്ദ്ര ഫണ്ടുകൾക്ക് അർഹത നേടുന്നതിന് കേരളത്തെ 'പിന്നാക്ക' സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ബിജെപി മന്ത്രിയുടെ വാക്കുകള്‍. സാമൂഹിക, വികസന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥയിലാണെന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ കേന്ദ്രം ഇത്തരം സാമ്പത്തിക പാക്കേജുകൾ അനുവദിക്കൂ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.
കേരളത്തില്‍ റോഡുകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സംസ്ഥാനം പിന്നാക്കാവസ്ഥയിലാണെന്നും പ്രഖ്യാപിക്കാൻ ഭരണകക്ഷിയായ സിപിഎമ്മിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തു. രാജ്യ തലസ്ഥാനത്തിരുന്ന് ജോർജ് കുര്യൻ നടത്തിയ പ്രതികരണം കേരളത്തിൽ ഒരു രാഷ്‌ട്രീയ കൊടുങ്കാറ്റാണ് ഇളക്കിവിട്ടത്.