തിരുവനന്തപുരം:എല്ലാത്തരം വിനോദ സഞ്ചാരികളുടേയും മനം മയക്കുന്ന മനോഹര തീരമാണ് കന്യാകുമാരിയിലേത്. ആരേയും മോഹിപ്പിക്കുന്ന പഞ്ചാരമണല്‍ത്തരികള്‍ നിറഞ്ഞ ബീച്ച് , പ്രഭാതത്തിലും സായാഹ്നത്തിലും ഉദയാസ്തമയങ്ങള്‍ കാണാനെത്തുന്ന പുരുഷാരം, തരിരകള്‍ നിരന്തരം പുണരുന്ന വിവേകാന്ദപ്പാറയെന്ന കടലിലെ ആത്മീയ സ്മാരകവും ധ്യാന മണ്ഡപവും, ഏറെ അകലെയല്ലാതെ തമിഴ് ഇതിഹാസ കാവ്യമായ തിരുക്കുറലിന്‍റെ സൃഷ്ടാവ് തിരുവള്ളുവരുടെ സ്‌മാരകം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കന്യാകുമാരിയില്‍ കാഴ്‌ചകളുടെ വൈവിധ്യം അനവധിയാണ്. അതിന്‍റെ കൂട്ടത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടാന്‍ ഇതാ മറ്റൊരു വിസ്മയ നിര്‍മ്മിതി കൂടി. ഇതു കൂടി കാണാതെ ഇനി നിങ്ങളുടെ കന്യാകുമാരി യാത്ര പൂര്‍ത്തിയാവില്ല.
കന്യാകുമാരിയിലെത്തുന്ന സഞ്ചാരികളൊക്കെ ബീച്ചില്‍ നിന്ന് നേരേ പോകുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ. മനസ്സിനെ ഏകാഗ്രമാക്കാന്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനനിരതനായ പാറപ്പുറത്തെ ധ്യാനമണ്ഡപം അവിടെയുണ്ട്. വിവേകാനന്ദപ്പാറയില്‍ നിന്ന് ഏറെ അകലെയല്ലാതെ തന്നെയുള്ള തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയും സ്‌മാരകവും കാണുകയെന്നത് കാല്‍ നൂറ്റാണ്ടായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ പതിവായി മാറിയിരുന്നു.
Glass Bridge Kanniyakumari (FB) എന്നാല്‍ ഇക്കാലമത്രയും വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ സ്‌മാരകത്തിലേക്കെത്താന്‍ ഏക മാര്‍ഗം ബോട്ട് സര്‍വീസ് മാത്രമായിരുന്നു. കാലാവസ്ഥ പ്രതികൂലമായാല്‍ കടലൊന്നു ക്ഷോഭിച്ചാല്‍ ഈ ബോട്ട് സര്‍വീസ് നിര്‍ത്തി വെക്കുക പതിവായിരുന്നു. നിരവധി സന്ദര്‍ശകര്‍ക്കാണ് ഇതു കാരണം പല സീസണുകളിലായി തിരുവള്ളുവര്‍ സ്‌മാരകം കാണാതെ നിരാശരായി മടങ്ങേണ്ടി വന്നത്.
Kanniyakumari New Bridge Model (FB) ഈ പശ്ചാത്തലത്തിലാണ് തിരവള്ളുവര്‍ പ്രതിമയെയും വിവേകാനന്ദപ്പാറയേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിച്ചത്. കടലിനു മുകളിലൂടെ ഒരു പാലമായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീട് വിനോദ സഞ്ചാര സാധ്യത കൂടി കണക്കിലെടുത്ത് കണ്ണാടിപ്പാലം തന്നെ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
77 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്‍റെ നിര്‍മാണം. കടലിന് മീതെ 7 മീറ്റര്‍ ഉയരത്തിലായാണ് കണ്ണാടിപ്പാലം പണിതുയര്‍ത്തിയിരിക്കുന്നത്. പാലത്തിന് 10 മീറ്റര്‍ വീതിയുള്ളതില്‍ രണ്ടര മീറ്റര്‍ വീതിയിലാണ് കണ്ണാടിപ്പാത. പാലം തുറന്നതോടെ വിവേകാനന്ദപ്പാറയില്‍ നിന്നും നടന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് എത്താനാകും.
നൂറു മീറ്ററില്‍ കുറവ് ദൂരമേയുള്ളൂവെങ്കിലും കടലിന്‍റെ സൗന്ദര്യം ആസ്വദിച്ച് പാലത്തിലൂടെ നടക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. കണ്ണാടിപ്പാലം തുറന്നതോടെ ആഭ്യന്തര ടൂറിസം വന്‍ തോതില്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അലങ്കാര ദീപങ്ങളാല്‍ രാത്രികളില്‍ മിന്നിത്തിളങ്ങുന്ന കണ്ണാടിപ്പാലം സഞ്ചാരികള്‍ക്ക് വല്ലാത്തൊരു ദൃശ്യ വിരുന്നാണ്. കണ്ണാടിപ്പാതയില്‍ താഴോട്ട് നോക്കിയാല്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ കാണാം.
37 കോടി രൂപ ചെലവിലാണ് ഐ ഐടി വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ ബോ സ്ട്രിങ്ങ് ആര്‍ച്ച് ബ്രിഡ്ജ് പൂര്‍ത്തിയാക്കിയത്. സംസ്ഥാന ഹൈവേ വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. ചെന്നൈ ഐ ഐടിയുടെ സാങ്കേതി വൈദഗ്ധ്യവും മാര്‍ഗ നിര്‍ദേശവും സ്വീകരിച്ച് അവരുടെ മേല്‍ നോട്ടത്തിലായിരുന്നു നിര്‍മാണം.
Glass Bridge Kanniyakumari (FB Francis Renold RS) കണ്ണാടിപ്പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. തിങ്കളാഴ്ച (30/12/2024) പാലത്തിന്‍റെ ഉദ്‌ഘാടനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആദ്യം പൂമ്പുഹാര്‍ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള മണല്‍ ശില്‍പം സന്ദര്‍ശിച്ചു. അതിന് ശേഷം തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിച്ച് പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് കണ്ണാടിപ്പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂമ്പുഹാര്‍ കമ്പനിയുടെ കരകൗശല ശാലയും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.
Glass Bridge Kanniyakumari (Getty and FB) കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചിട്ട് (2024 ഡിസംബര്‍ 30 ന്) ഇന്നത്തേക്ക് 25 വര്‍ഷം തികയുകയാണ്. പ്രതിമയുടെ രജത ജൂബിലി ആഘോഷിക്കാന്‍ തമിഴ്‌നാട് നേരത്തെ തിരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് കണ്ണാടിപ്പാലത്തിന്‍റെ ഉദ്‌ഘാടനവും നടത്തിയത്. രജത ജൂബിലിയോട് അനുബന്ധിച്ച് 2 ദിവസത്തെ ആഘോഷച്ചടങ്ങുകളാണ് കന്യാകുമാരിയില്‍ നടക്കുന്നത്.
Glass Bridge Kanniyakumari (FB) 1892 ല്‍ സ്വാമി വിവേകാനന്ദന്‍ കന്യാകുമാരി തീരത്തു നിന്ന് തെക്കേ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടത്തിലേക്ക് നീന്തിക്കയറി മൂന്ന് പകലും രാത്രിയും അവിടെ ധ്യാനമിരുന്നിരുന്നു. 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കൊടുവില്‍ ഫലം വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തി 45 മണിക്കൂര്‍ ധ്യാനമിരിക്കുകയുണ്ടായി.
Glass Bridge Kanniyakumari (FB) പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ വിവേകാനന്ദ സ്‌മാരകത്തില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ച പാറയിലെത്താന്‍ താത്‌കാലിക നടപ്പാലം ഒരുക്കിയിരുന്നു.
Also Read:ലോക ടൂറിസം രംഗത്ത് ഇന്ത്യയ്‌ക്ക് കുതിച്ചുചാട്ടം; 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട്