കണ്ണൂർ :ക്രിസ്‌മസ് ന്യൂ ഇയർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ ബമ്പർ അടിച്ചത് കണ്ണൂർ ജില്ലയിലെ ഇരട്ടിയിലെ സത്യനാണെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും അത് ഏത് സത്യനാണെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. പലകുറി ആളെ തേടി എല്ലാവരും ഇറങ്ങിയതാണ്. പക്ഷെ ഭാഗ്യവാൻ സത്യൻ ആർക്കും പിടി കൊടുത്തില്ല.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിൻ്റെ ഇരിട്ടി ശാഖയിൽ ഇരു ചെവിയറിയാതെ സത്യൻ ഹാജരാക്കിയിരുന്നു. വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറരുത് എന്ന വ്യവസ്ഥയോടെയാണ് അദ്ദേഹം ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചത്. ഇതോടെ മേഖലയിലെ പല സത്യന്മാരും നാട്ടുകാരുടെ കണ്ണിൽ കോടീശ്വരന്മാരായി. ഇപ്പോൾ സത്യം വെളിപ്പെട്ടതോടെ ബാക്കി സത്യന്മാർ പഴയപോലെ സാധാരണക്കാരായി.
എന്നാൽ ഏജൻസി കമ്മീഷൻ സംബന്ധിച്ച തർക്കത്തിലാണ് സത്യൻ്റെ സ്വകാര്യത പുറത്തായത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിൽ നിന്നാണ് 10 ടിക്കറ്റ് അടങ്ങിയ പുസ്‌തകം സത്യൻ വാങ്ങുന്നത്. സമ്മാനം അടിച്ചാൽ ഏജൻസിക്ക് കമ്മീഷൻ ലഭിക്കുന്ന രീതിയിലാണ് ടിക്കറ്റ് എടുത്തത് എന്നാണ് പറയുന്നത്. എന്നാൽ ഏജൻസി കമ്മീഷൻ ആയുള്ള രണ്ടുകോടി രൂപയുടെ അവകാശിയും താനാണെന്ന് നിലപാടിലായിരുന്നു അദ്ദേഹം.