കോഴിക്കോട് : നാഗാരാധന നിലനിൽക്കുന്ന കാവുകളിലെയും ക്ഷേത്രങ്ങളിലെയും നാഗ പ്രതിഷ്‌ഠാ സങ്കല്‍പമാണ് ചിത്രകൂട കല്ല്. ചെങ്കല്ലിൽ തീർത്ത ഈ ചിത്രകൂടക്കല്ലാണ് സർപ്പ ഗൃഹമായി അറിയപ്പെടുന്നത്. എന്നാൽ ഈ ചിത്രകൂടക്കല്ല് അപൂർവം ചിലർ മാത്രമാണ് ഇന്ന് നിർമിക്കുന്നത്. അങ്ങനെയുള്ള രണ്ടുപേരുണ്ട് കോഴിക്കോട് പന്തീരാങ്കാവിൽ.
സുജയ്‌കുമാർ, മധു എന്നിവരാണ് കഴിഞ്ഞ 22 വർഷമായി തച്ചുശാസ്ത്ര വിധി അനുസരിച്ച് ചിത്രകൂടക്കല്ല് നിർമിക്കുന്നത്. നാല് ഭാഗങ്ങളാണ് ചിത്രകൂടക്കല്ലിന് ഉണ്ടാവുക. ആദ്യം ആധാരക്കല്ല്, പിന്നെ നടുക്കല്ല്, അതിനുമുകളിലായി കുടക്കല്ലും ഏറ്റവും മുകളിൽ സ്ഥൂപിക അഥവാ പൂക്കല്ലും.
ഓരോന്നിനും മുകളിൽ ഓരോ കല്ലുകൾ ചേർത്തുവയ്‌ക്കുമ്പോൾ അത് ചിത്രകൂടക്കല്ലായി മാറും. ഈ ചിത്ര കൂടക്കല്ലിൽ ഒരു ചെറിയ ദ്വാരമുണ്ടാകും അതിന് പ്രാണധ്വാരം അഥവാ യോഗനാളം എന്ന് പറയും. കാവുകളിലെയും ക്ഷേത്രങ്ങളിലെയും
ആവശ്യമനുസരിച്ചാണ് ചിത്രകൂടക്കല്ല് നിർമിച്ചു നൽകുന്നത്. എന്നാൽ കണക്കൊത്ത ചെങ്കല്ല് കണ്ടെത്തുക വലിയ പ്രയാസമാണ്.