വയനാട്ടിലെ മാനന്തവാടിയില്‍ ഇന്ന് ഒരു ആദിവാസി യുവതി കടുവയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. വനം വകുപ്പിലെ ഒരു താത്ക്കാലിക വാച്ചറുടെ ഭാര്യ രാധയെന്ന നാല്‍പ്പത്തഞ്ചുകാരിയാണ് അതിദാരുണമായി കടുവയാല്‍ കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിന്‍റെ പകുതിയും കടുവ ഭക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ വ്യക്തിയുടെ കാപ്പി എസ്‌റ്റേറ്റിന് സമീപമുള്ള മെയിന്‍ റോഡില്‍ ഇവരുടെ ഭര്‍ത്താവ് രാധയെ ജോലിക്കായി കൊണ്ടു പോയി വിട്ടപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ജോലി സ്ഥലത്തേക്ക് നടന്നു പോയ രാധയെ കടുവ ആക്രമിക്കുകയായിരുന്നു. സംഭവം നാട്ടുകാരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. വനം വകുപ്പ് മതിയായ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ കടുവ നാട്ടിലിറങ്ങി അതിക്രമം കാട്ടുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ കടുവയെ വെടിവച്ച് കൊല്ലാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ടുപേര്‍ക്കാണ് വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത്. മനുഷ്യ-വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലെ കടുവ ആക്രമണങ്ങള്‍
- ജൂലൈ 4, 2015-വയനാട്ടില്‍ ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തിന് ഇരയായി
വയനാട്ടില്‍ വനത്തിനുള്ളിലെ സെറ്റില്‍മെന്‍റില്‍ താമസിക്കുന്ന ആദിവാസി യുവാവിനെ കടുവ പിടിച്ച് ഭക്ഷിച്ചു. ആ വര്‍ഷം അത് വയനാട്ടിലെ മൂന്നാമത്തെ കടുവ ആക്രമണമായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലെ കുറിച്യാട് സെറ്റില്‍മെന്‍റിലെ കെ ബാബുരാജ് എന്ന 23കാരനായിരുന്നു കടുവയുടെ ആക്രമണത്തിന് ഇരയായത്. കാട്ടുനായിക്ക വിഭാഗത്തില്‍ പെടുന്ന യുവാവായിരുന്നു ബാബു. വനത്തിനുള്ളിലെ സെറ്റിന്‍മെന്‍റുകളില്‍ ചെറു കുടുംബങ്ങളായാണ് ഇവര്‍ കഴിയുന്നത്. ജൂലൈ രണ്ടിന് വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായി പോയതായിരുന്നു ബാബു. വൈകുന്നേരമായിട്ടും ബാബുവിനെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അവര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ജൂലൈ മൂന്നിന് നടത്തിയ തെരച്ചിലിലാണ് ബാബുവിന്‍റെ എല്ലും തലയോട്ടിയും മറ്റും വനത്തിനുള്ളില്‍ ഇയാളുടെ കോളനിക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്തായി കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന വസ്‌ത്രത്തിന്‍റെ ശേഷിപ്പുകളാണ് കൊല്ലപ്പെട്ടത് ബാബുവാണെന്ന് തിരിച്ചറിയാന്‍ സാഹയമായത്.
- 2015 ഫെബ്രുവരി 10- 62കാരനായ കര്‍ഷകനെ കടുവ കൊന്നു തിന്നു
വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള നൂല്‍പ്പുഴയിലാണ് ഫെബ്രുവരി പത്തിന് എസ് ഭാസ്‌കരന്‍ എന്ന 62 കാരനെ കൊന്നു തിന്നത്. കാട്ടുവഴിയിലൂടെ നടന്ന് പോയ ഭാസ്‌കരന് മേല്‍ കടുവ ചാടി വീണ് ആക്രമണം നടത്തുകയായിരുന്നു.
- 2015 ഫെബ്രുവരി 14-സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളി കൊല്ലപ്പെട്ടു
മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി പതിനാലിന് ഒരു സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ കെ മഹാലക്ഷ്‌മി എന്ന മുപ്പതുകാരിയെയും ഇതേ കടുവ തന്നെ ആക്രമിച്ചു. നൂല്‍പ്പുഴയില്‍ നിന്ന് കേവലം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള പാട്ടവയല്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു ഇത്. ഒരാഴ്‌ചയ്ക്കിടെ രണ്ട് പേരുടെ ജീവന്‍ കടുവ കവര്‍ന്നതോടെ വയനാട് വന്യജീവി സങ്കേതത്തിലെ കടുവയെ കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടു.
- 2020 ജൂണ്‍ 17- ആദിവാസി യുവാവ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
24 കാരനായ ആദിവാസി യുവാവ് ശിവകുമാര്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൗത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനനിലെ കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ഇയാളുടെ വീട്ടില്‍ നിന്ന് 1.6 കിലോമീറ്റര്‍ അകലെയായി പകുതി ഭക്ഷിച്ച നിലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പതിനാറിന് ഉച്ചയ്ക്ക് വിറക് ശേഖരിക്കാന്‍ പോയ ഇയാള്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.
- 2023 ഡിസംബര്‍ 9- യുവ കര്‍ഷകന്‍ വകേരിയില്‍ കൊല്ലപ്പെട്ടു
36 കാരനായ കര്‍ഷകന്‍ എം പ്രജീഷ് വകേരിക്ക് സമീപം കുഡല്ലൂരില്‍ വച്ച് കടുവയുടെ ആക്രമണത്തിനിരയായി. പകുതി ഭക്ഷിച്ച പ്രജീഷിന്‍റെ മൃതദേഹം 2023 ഡിസംബര്‍ ഒന്‍പതിനാണ് കണ്ടെത്തിയത്. ജീവനോടെ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാന്‍ ഉത്തരവിട്ടു. കര്‍ഷകരായ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ ഭരണകൂടം ഉത്തരവിറക്കിയത്. ഡിസംബര്‍ 18ന് വനം വകുപ്പ് പ്രജീഷിനെ കൊന്നുവെന്ന് സംശയിക്കുന്ന കടുവയെ പിടികൂടി.
വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം
- ധാരാളം വന്യമൃഗ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ജില്ലയാണ് വയനാട്. കാട്ടാനകളും കടുവകളുമാണ് പ്രധാനമായും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
- കര്‍ഷകരും നാട്ടുകാരും വന്യജീവി സംരക്ഷണത്തിലും ഇവയുമായുള്ള ഏറ്റുമുട്ടലിലും പുലര്‍ത്തുന്ന നിസംഗതയില്‍ വനം വകുപ്പിനെ കുറ്റപ്പെടുത്തുന്നു.
- സംരക്ഷിത വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്‍റെ ഭൂപ്രകൃതിയും മനുഷ്യ-മൃഗ സംഘര്‍ഷത്തിന് കാരണമാകുന്നു.
കാര്‍ഷിക സമ്പദ്ഘടനയാണ് വയനാടിന്‍റേത്. എന്നിലിവിടുത്തെ കര്‍ഷകര്‍ വന്യജീവി ആക്രമണത്തിലുള്ള വിളനാശമടക്കമുള്ള പ്രതിസന്ധികള്‍ നേരിടുന്നു. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശത്തിനൊപ്പം വയനാടിന്‍റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയും അവിടെ മനുഷ്യ-വന്യമൃഗ പോരാട്ടം രൂക്ഷമാക്കുന്നു. മുതുമല കടുവ സംരക്ഷണ കേന്ദ്രം, തമിഴ്‌നാട്ടിലെ സത്യമംഗലം വനം, നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രം, ബന്ദിപ്പൂര്‍ ദേശീയോദ്യാനം, കര്‍ണാടകയിലെ ബിആര്‍ കടുവ സംരക്ഷണ കേന്ദ്രം എന്നിവയുമായി വയനാട് അതിര്‍ത്തി പങ്കിടുന്നു. 2000 മുതല്‍ 2023 വരെ 45 പേരാണ് വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ വന്യജീവികളുമായുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. സുല്‍ത്താന്‍ബത്തേരിയിലെ വയനാട് വന്യജീവി വാര്‍ഡന്‍റെ ഓഫിസില്‍ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതല്‍ 26 പേര്‍ക്ക് ഇവിടെ വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായി. ഇതില്‍ നാല് ജീവനുകളെടുത്തത് കടുവയാണ്.
2022-23 വര്‍ഷം സംസ്ഥാനത്ത് 8,873 മനുഷ്യ-വന്യജീവി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 98 മനുഷ്യജീവനുകള്‍ പൊലിഞ്ഞെന്ന് 2022-23ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഇതില്‍ 48 പേര്‍ പാമ്പുകടിയേറ്റാണ് മരിച്ചത്. 27 പേര്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ കാട്ടുപന്നി ആക്രമണത്തിലും മരിച്ചു. കാട്ടുപോത്തിന്‍റെയും കടുവകളുടെയും ആക്രമണത്തില്‍ ഓരോ ജീവനുകളും മറ്റ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 14 ജീവനുകളും നഷ്‌ടമായി.
871 മനുഷ്യര്‍ക്ക് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റു. 65 കന്നുകാലികളെയും വന്യമൃഗങ്ങള്‍ കൊന്നൊടുക്കി. മനുഷ്യ ജീവനുകള്‍ക്ക് 3,37,31013 രൂപ നഷ്‌ടപരിഹാരമായി വിതരണം ചെയ്‌തു. പരിക്കേറ്റവര്‍ക്ക് 2,45,73,297 രൂപയും നല്‍കി. കന്നുകാലികളുടെ ജീവന് പകരമായി 1,46,66,363 രൂപയും വിതരണം ചെയ്‌തു. മനുഷ്യജീവനും പരിക്കുകള്‍ക്കും കന്നുകാലികളുടെ ജീവനും വിളനാശത്തിനുമടക്കം 10.49 കോടി രൂപയാണ് നല്‍കേണ്ടി വന്നത്.
വയനാട്ടിലെ പ്രധാന പ്രശ്‌നങ്ങള്‍
കൃത്യസമയത്ത് മുന്നറിയിപ്പുകള്‍ നല്‍കാത്ത സംസ്ഥാന വനം വകുപ്പിനെയാണ് വയനാട്ടിലെ നാട്ടുകാരും കര്‍ഷകരും കുറ്റപ്പെടുത്തുന്നത്. കാട്ടിനുള്ളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാത്തത് കൊണ്ടാണ് വന്യജീവികള്‍ കാടിറങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അത് കൊണ്ട് അവയെ കൊന്ന് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നു.
വയനാട്ടിലെ മുളംകാടുകള്‍ നശിപ്പിച്ച് ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഫാക്‌ടറിക്ക് വേണ്ടി യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് വലിയ പ്രശ്‌നമായെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. 1957-58 കാലത്ത് വയനാടിന്‍റെ തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ മാവൂരിലെ കമ്പനിക്ക് പള്‍പ്പും ഫൈബറുമുണ്ടാക്കാനായിട്ടായിരുന്നു ഇത്. ഇതോടെ മൃഗങ്ങള്‍ പുല്ല് തേടി കൃഷിയിടങ്ങളിലേക്ക് എത്തി. ഇതിന് പുറമെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതും പ്രദേശത്തെ പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കി.
വിനോദസഞ്ചാര വകുപ്പിന്‍റെ ഭാഗത്തുനിന്ന് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനുള്ള നടപടികളുണ്ടാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇതിനായി കൊണ്ടു വരണം. വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ തകര്‍ക്കപ്പെടുമ്പോഴാണ് അവ കൃഷിയിടങ്ങളിലേക്ക് എത്തുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ തെക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയുടെ മൊത്തം വിസ്‌തൃതിയുടെ കേവലം 1.18 ശതമാനം മാത്രമാണ് കേരളത്തിന്‍റെ വിസ്‌തൃതി. 11531 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംസ്ഥാനത്തിന്‍റെ വനമേഖല. അതായത് സംസ്ഥാനത്തിന്‍റെ മൊത്തം ഭൂമേഖലയുടെ 29.6 ശതമാനം. 38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്‍റെ ആകെ വിസ്‌തൃതി. സംരക്ഷിത വനഭൂമിക്ക് അപ്പുറമുള്ള യഥാര്‍ത്ഥ വനഭൂമി കൂടി ചേരുമ്പോള്‍ ഇത് കുറച്ച് കൂടും.
2021 ലെ ഫോറസ്‌റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം തോട്ടങ്ങളടക്കം സംസ്ഥാനത്തെ മൊത്തം വനം 21,153 ചതുരശ്ര കിലോമീറ്ററാണ്. അതായത് സംസ്ഥാനത്തെ മൊത്തം ഭൂവിഭാഗത്തിന്‍റെ 54.7ശതമാനം. വയനാട് ജില്ലയുടെ 74.2ശതമാനവും വനമേഖലയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമേഖലയുള്ള ജില്ലയും ഇതുതന്നെയാണ്. തൊട്ടുപിന്നാലെ പത്തനംതിട്ടയും ഇടുക്കിയുമുണ്ട്. ഇടുക്കിക്ക് 3155 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് ഉള്ളത്. പാലക്കാടിന് 2104 ചതുരശ്ര കിലോമീറ്റര്‍ വനവും മലപ്പുറത്തിന് 1984 ചതുരശ്ര കിലോമീറ്റര്‍ വനവുമുണ്ട്.
Also Read:
- വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം
- വീടിന് പുറത്ത് അസാധാരണ ശബ്‌ദം, നോക്കിയപ്പോള്‍ കണ്ടത് ആട്ടിന്‍ കൂട്ടില്‍ നിന്ന് തള്ളയാടിനെ കടിച്ചെടുത്ത് ഇറങ്ങുന്ന കടുവയെ; അമരക്കുനിയിൽ വീണ്ടും ഭീതിയുടെ രാത്രി
- വിഹരിയ്‌ക്കാന്‍ ഇടമില്ല; മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ നിന്ന് പെണ്‍കടുവ സഞ്ചരിച്ചത് 400 കിലോമീറ്റര്‍