പാലക്കാട്:നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. 27 ദിവസം നീണ്ടുനിന്ന പ്രചാരണ പരിപാടികളാണ് കൊട്ടിക്കലാശത്തോടെ ഇന്ന് സമാപിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ, എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ എന്നിവര്‍ക്കായി അവസാന ഘട്ടത്തിലും വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും മുന്നണികള്‍.
മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. കൊട്ടിക്കലാശത്തിന് ശേഷം നിശബ്‌ദ പ്രചാരണ വേളയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഈ 48 മണിക്കൂറില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനും ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന രീതിയിലുള്ള ഒരു പ്രദര്‍ശനവും ബള്‍ക്ക് എസ്എംഎസ്/വോയിസ് മെസേജുകള്‍, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, എക്‌സിറ്റ് പോള്‍ മുതലായവ അനുവദിക്കില്ല. തിയേറ്ററുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാൻ തിയേറ്റര്‍ ഉടമകളും എസ്‌എംഎസ്, വോയിസ് മെസേജ് എന്നിവയിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ മൊബൈല്‍ സേവനദാതാക്കളും ശ്രദ്ധിക്കണമെന്ന് കലക്‌ടര്‍ അറിയിച്ചു.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമം 1951 സെക്ഷൻ 126 (1) എ പ്രകാരം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഴുവൻ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കലക്‌ടര്‍ അഭ്യർഥിച്ചു.
Also Read :'സന്ദീപിനെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു; പഴയകാല പ്രവർത്തനങ്ങളും പ്രസ്‌താവനകളും പൊതു സമൂഹത്തിന് മുന്നിലുണ്ട്': പിണറായി വിജയന്‍