കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ 'രാം കെ നാം' ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിവൈഎഫ്ഐ പശ്ചാത്തല സൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ജയ്‌ക് സി തോമസ് പറഞ്ഞു. 'ഡോക്യുമെന്‍ററി തടയാമെന്ന സംഘപരിവാർ മോഹം നടക്കില്ല. ഇവിടെ നടന്ന സംഘർഷം അബദ്ധം സംഭവിച്ചതല്ല.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശനം തടസപ്പെടുത്തിയതും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും 'രാം കെ നാം' ഡോക്യുമെന്ററി തടയാൻ ശ്രമിക്കുന്നതും ബോധപൂർവമുള്ള രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ പ്രചരിപ്പിക്കുന്ന യുക്തികൾക്കപ്പുറം സത്യസന്ധമായ ചരിത്രത്തിലെ വസ്‌തുതകളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററിയാണ് 'രാം കെ നാം'. അതുകൊണ്ടാണ് പ്രദർശനം തടസപ്പെടുത്താൻ സംഘപരിവാറും ശ്രമിക്കുന്നതെന്നും ജയ്‌ക് സി തോമസ് പറഞ്ഞു.