കോഴിക്കോട് :പേരാമ്പ്ര നൊച്ചാട്, അനു എന്ന 26 കാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ ഫലവും നിർണായകമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച (12-03-2024 ) രാവിലെ 11 മണിയോടെയാണ് നൊച്ചാട് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്‌ച (11-03-2024) രാവിലെ എട്ടരയ്ക്ക് നൊച്ചാട് വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഭർത്താവിനെ കൂട്ടി ആശുപത്രിയിൽ പോകാനിറങ്ങിയതായിരുന്നു അനു. തോട്ടിൻ കരയിലൂടെ ഒരു മണിക്കൂർ നടന്നാൽ റോഡിലെത്താൻ സാധിക്കും. തോടിന് സമീപം കൂടിക്കിടക്കുന്ന പച്ചിലവള്ളികളിൽ തടഞ്ഞ് വീഴാനുളള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു.
എന്നാൽ മുട്ടറ്റം വെള്ളമുള്ള തോട്ടിൽ വീണാണോ അനു മരിച്ചത് എന്നതാണ് ചോദ്യം. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളൊന്നും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്‍റെ വിവാഹം കഴിഞ്ഞത്. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശതയിലാണ്. ഇതിന്‍റെ മാനസിക പ്രയാസം യുവതിക്കുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്.
ഭര്‍ത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ നിന്നിറങ്ങിയ അനു പക്ഷേ ഭര്‍തൃവീട്ടിൽ എത്തിയില്ല. ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയതുമില്ല. അതിനിടയിലാണ് അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ വെള്ളത്തിൽ നിന്നാണ് ഫോണും മണിപേഴ്‌സും കണ്ടെത്തിയത്. ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസിന് സംശയിക്കത്തക്ക ഒന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധനാഫലം നിർണായകമാകുമെന്ന് പൊലീസ് പറഞ്ഞു.