കേരളം

kerala

ETV Bharat / state

രണ്ട് മണ്ഡലങ്ങളില്‍ കളം നിറഞ്ഞ് ട്വന്‍റി ട്വന്‍റിയും; നെഞ്ചിടിപ്പോടെ മുന്നണികള്‍ - Twenty Twenty party Campaign - TWENTY TWENTY PARTY CAMPAIGN

2024 LOK SABHA ELECTION ERNAKULAM CONSTITUENCY AND CHALAKUDY CONSTITUENCY | എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പ്രധാന മുന്നണികള്‍ക്ക് വലിയ വെല്ലുവിളി ഉയർത്തി ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്നത്.

TWENTY TWENTY PARTY  LOK SABHA ELECTION 2024  ട്വന്‍റി ട്വന്‍റി പാര്‍ട്ടി  എറണാകുളം ചാലക്കുടി ലോക്‌സഭ മണ്ഡലം
Twenty Twenty party in Active election Campaigning in Ernakulam And Chalakudy Lok Sabha Constituencies

By ETV Bharat Kerala Team

Published : Apr 24, 2024, 5:30 PM IST

Updated : Apr 24, 2024, 5:40 PM IST

എറണാകുളം: എറണാകുളം, ചാലക്കുടി ലോക്‌സഭ മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണി സ്ഥാനാർഥികൾക്ക് ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ട്വൻ്റി ട്വൻ്റി. ഇരു മണ്ഡലങ്ങളിലും ഒട്ടോ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വേണ്ടി ബൂത്ത് തലം മുതൽ പ്രചാരണ പ്രവർത്തനം ഏറെ സജീവമായിരുന്നു.

ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്ന ട്വൻ്റി ട്വൻ്റി സ്ഥാനാർഥി അഡ്വ. ചാർളി പോൾ നേടുന്ന വോട്ടുകളായിരിക്കും മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുക. വിപുലമായ പ്രചാരണവുമായി മത്സര രംഗത്തുള്ള ട്വൻ്റി ട്വന്‍റിയുടെ സാന്നിധ്യം തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ്, എൽഡിഎഫ് ക്യാമ്പുകളിലുണ്ട്.

ചാർളി പോളിന് മണ്ഡലത്തിൽ വ്യക്തിപരമായ ബന്ധങ്ങളും വലിയ സ്വാധീനവുമുണ്ട്. മദ്യവിരുദ്ധ സമിതിയുടെ പ്രവർത്തകനായിരുന്ന ചാർളി പോൾ, എറണാകുളം അങ്കമാലി അതിരൂപതയുടെ പാസ്‌റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി കൂടിയായിരുന്നു.

അഡ്വ. ചാര്‍ളി പോള്‍

സിറോ മലബാർ സഭയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, സഭയുമായി അടുത്ത ബന്ധമുള്ള സ്ഥാനാർഥിയെ നിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ട്വൻ്റി ട്വൻ്റിയുടെ ലക്ഷ്യം. പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ട്വൻ്റി ട്വൻ്റി പരമാവധി വോട്ടുകൾ നേടി തങ്ങളുടെ ശക്തി തെളിയിക്കാൻ വേണ്ടി കൂടിയാണ് ഇത്തവണ മത്സരിക്കുന്നത്.

അവരുടെ വലിയ വിമർശകൻ കൂടിയായ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് തിരിച്ചടി നൽകണമെന്ന താൽപര്യവും ട്വൻ്റി ട്വൻ്റിക്ക് ഉണ്ട്. തെരഞ്ഞെടുപ്പിൽ വീറും വാശിയും ഏറിയതോടെ കോൺഗ്രസ് പ്രവർത്തകരും ട്വൻ്റി ട്വൻ്റി പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും ഇതേ തുടർന്ന് കേസുകളും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

ചാലക്കുടി മണ്ഡലത്തിൽ ഒരു ലക്ഷത്തോളം വോട്ട് പിടിക്കാൻ ട്വൻ്റി ട്വൻ്റിക്ക് കഴിയുമെന്ന വിലയിരുത്തൽ ശരിയായാൽ അക്ഷരാർത്ഥത്തിൽ ചലക്കുടിയിലെ വിധി നിർണ്ണയിക്കുക ട്വൻ്റി ട്വൻ്റി തന്നെയായിരിക്കും. ചാലക്കുടി ലോക്‌സഭ മണ്ഡലത്തെ ഇളക്കി മറിച്ചായിരുന്നു ചാർളി പോളിന്‍റെ റോഡ് ഷോ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ നടന്നത്.

ചാർളി പോളിന്‍റെ ചിഹ്നമായ ഓട്ടോറിക്ഷയുടെ പ്രതീകങ്ങളുമായി നൂറോളം വരുന്ന ഓട്ടോറിക്ഷകൾക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ സ്ഥാനാർഥിക്ക് നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കിയത്. ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലുടനീളം ട്വന്‍റി ട്വന്‍റി പാർട്ടിക്കും സ്ഥാനാർഥിക്കുമുള്ള സ്വീകാര്യത റോഡ് ഷോയിൽ വ്യക്തമായിരുന്നു.

റോഡിനിരുവശവും ജനങ്ങൾ സ്ഥാനാർഥിയെ കാണാനും അഭിവാദ്യം ചെയ്യാനും എത്തിയിരുന്നു. കോലഞ്ചേരിയിൽ ബുധനാഴ്‌ച വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്ന കലാശക്കൊട്ടോടെയാണ് പാർട്ടിയുടെ പരസ്യ പ്രചാരണ പരിപാടികൾ അവസാനിക്കുക.

കിഴക്കമ്പലം ഉൾപ്പെടെ ട്വന്‍റി ട്വന്‍റി പാർട്ടി ഇന്ന് ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന മാതൃകയാണ് ചാലക്കുടിയിലെ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നതെന്നും, ട്വന്‍റി ട്വന്‍റി പാർട്ടിയുടെ വാഗ്‌ദാനങ്ങൾ വെറും വാക്കുകളല്ലെന്നും സ്ഥാനാർഥി അഡ്വ. ചാർളി പോൾ പറയുന്നു. കേവലം ഒരു പഞ്ചായത്തിന്‍റെ ഭരണ ചുമതല ഏറ്റെടുത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ട്വന്‍റി ട്വന്‍റി പാർട്ടി ഇന്നുവരെ നൽകിയിട്ടുള്ള വാഗ്‌ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. ഇനിയും അപ്രകാരം തന്നെയായിരിക്കും.

ഇന്നത്തെ അവസ്ഥയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കഴിയുന്ന ഏക പാർട്ടി ട്വന്‍റി ട്വന്‍റി ആണെന്ന് തിരിച്ചറിഞ്ഞിട്ടുള്ള പതിനായിരക്കണക്കിന് വോട്ടർമാരിലാണ് തന്‍റെയും പാർട്ടിയുടെയും പ്രതീക്ഷയെന്നും അഡ്വ. ചാർളി പോൾ അവകാശപ്പെടുന്നു.

എറണാകുളത്തും നിര്‍ണായകം: കോൺഗ്രസ് വിജയ പ്രതീക്ഷ പുലർത്തുന്ന എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ മുന്നണികളുടെ വോട്ട് വിഹിതത്തിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്നാണ് ട്വൻ്റി ട്വൻ്റി പ്രതീക്ഷിക്കുന്നത്. ഹൈബി ഈഡൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൻ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഡ്വ. ആന്‍റണി ജൂഡി പിടിക്കുന്ന വോട്ടുകളായിരിക്കും ജയിക്കുന്ന പാർട്ടിയുടെ ഭൂരിപക്ഷം നിർണ്ണയിക്കുക.

അഡ്വ. ആന്‍റണി ജൂഡി

പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ട്വന്‍റി ട്വന്‍റി പാർട്ടിയുടെ എറണാകുളം സ്ഥാനാർഥി ആന്‍റണി ജൂഡി വലിയ ശുഭ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. ഇനിയും അർഹിക്കുന്ന വികസനത്തിലേക്ക് എത്താൻ കഴിയാതെ വീർപ്പുമുട്ടുന്ന എറണാകുളം പട്ടണത്തിനും സമീപ പ്രദേശങ്ങൾക്കും ട്വന്‍റി ട്വന്‍റി പാർട്ടിയിൽ വലിയ വിശ്വാസം വളർത്താൻ സാധിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണ പ്രതീക്ഷാജനകമാണെന്നും ആന്‍റണി ജൂഡി പറഞ്ഞു.

യുവജനങ്ങൾക്ക് മാന്യമായ ജീവിത സാഹചര്യങ്ങളോടെ കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി നൽകുമെന്ന ട്വന്‍റി ട്വന്‍റി പാർട്ടിയുടെ വാഗ്‌ദാനം അവരിൽ വലിയ പ്രതീക്ഷ വളർത്തിയിട്ടുണ്ട്. സമഗ്ര വികസനം ഉറപ്പ് വരുത്തിക്കൊണ്ട് എറണാകുളത്തിന്‍റെ സ്വപ്‌നങ്ങൾ ട്വന്‍റി ട്വന്‍റി യാഥാർഥ്യമാക്കുമെന്നും അഡ്വ. ആന്‍റണി ജൂഡി പറയുന്നു.

അഡ്വ. ആന്‍റണി ജൂഡി

ട്വൻ്റി ട്വൻ്റി പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പോലും ലോക്‌സഭ തെരെഞ്ഞടുപ്പിൽ രണ്ട് സ്ഥാനാർഥികൾ നേടുന്ന വോട്ടുകൾ പ്രധാനപ്പെട്ടതാണ്. എറണാകുളം, ചാലക്കുടി മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് തെരെഞ്ഞെടുപ്പിലെ ട്വൻ്റി ട്വൻ്റിയുടെ സജീവ സാന്നിധ്യം.

Also Read:

  1. ലോക്‌സഭ തെരഞ്ഞെടുപ്പ്: ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുവലതു പോരാട്ടം ശക്തം
  2. വിശ്വാസികളുടെയും വികാരിമാരുടെയും പിന്തുണ തേടി ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥ്
  3. കൊട്ടിക്കലാശത്തിലേക്ക് കേരളം ; എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം എല്‍ഡിഎഫും യുഡിഎഫും
Last Updated : Apr 24, 2024, 5:40 PM IST

ABOUT THE AUTHOR

...view details