ജയ്‌പൂര്‍:ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 200 വിക്കറ്റ് നേടുന്ന താരമായി രാജസ്ഥാൻ റോയല്‍സിന്‍റെ സ്റ്റാര്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് 33കാരൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുംബൈയുടെ അഫ്‌ഗാൻ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയായിരുന്നു ഐപിഎല്ലില്‍ ചാഹലിന്‍റെ ഇരുന്നൂറാമത്തെ ഇര.
2013ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ചാഹല്‍ തന്‍റെ 153-ാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ചാഹലാണ്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും മുന്നില്‍ തന്നെയാണ് നിലവില്‍ താരത്തിന്‍റെ സ്ഥാനം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയല്‍സ് ടീമുകള്‍ക്കായി കളിച്ചാണ് 200 വിക്കറ്റുകള്‍ എന്ന നേട്ടത്തിലേക്ക് യുസ്‌വേന്ദ്ര ചാഹല്‍ എത്തിയത്. 2014-2021 കാലയളവില്‍ ആര്‍സിബിക്കൊപ്പം കളിച്ച താരം അവര്‍ക്കായി 139 വിക്കറ്റ് നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കൂടുതല്‍ വിക്കറ്റ് നേടിയ താരവും യുസ്‌വേന്ദ്ര ചാഹലാണ്.
2022ല്‍ ആണ് താരം രാജസ്ഥാൻ റോയല്‍സിലേക്ക് എത്തുന്നത്. ഇതുവരെ 61 വിക്കറ്റാണ് രാജസ്ഥാന് വേണ്ടി താരം സ്വന്തമാക്കിയത്. ആര്‍സിബിയിലേക്ക് എത്തുന്നതിന് മുന്‍പ് 2011-2013 വരെ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നെങ്കിലും രണ്ട് സീസണില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു താരത്തിന് അവര്‍ക്കായി കളിക്കാൻ അവസരം ലഭിച്ചത്.