മലാഗ (സ്‌പെയിൻ): ലോക ടെന്നീസിലെ എക്കാലത്തേയും ഇതിഹാസ താരം സ്‌പെയിനിന്‍റെ റാഫേൽ നദാൽ കണ്ണീരോടെ പടിയിറങ്ങി. കരിയറിലെ അവസാന മത്സരമായ ഡേവിസ് കപ്പ് ടൂര്‍ണമെന്‍റില്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള പോരാട്ടത്തിലാണ് താരത്തിന്‍റെ തോല്‍വി.22 തവണ ഗ്രാൻഡ് സ്ലാം ജേതാവായ റാഫേൽ ഡച്ച് താരം ബോട്ടിച്ച് വാന്‍ഡെ സാല്‍ഡ്ഷുല്‍പ്പിനോടു 4-6, 4-6 നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങി. കളിയുടെ തുടക്കം മുതല്‍ ആരാധകര്‍ നദാലിനായി ആര്‍പ്പുവിളിച്ചെങ്കിലും പ്രചോദനം വിജയമാക്കി മാറ്റിയെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
ഇന്നലത്തെ മത്സരത്തിന് മുമ്പ് നദാൽ തന്‍റെ കരിയറിൽ രണ്ട് തവണ മാത്രമാണ് സാല്‍ഡ്ഷുല്‍പ്പിനെ നേരിട്ടിട്ടുള്ളത്. എന്നാല്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ രണ്ട് മത്സരങ്ങളും നദാല്‍ വിജയിച്ചിരുന്നു. മലാഗയിലെ തന്‍റെ കാണികൾക്ക് മുന്നിൽ നദാൽ വിജയിക്കാൻ പരമാവധി ശ്രമിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചുവരാൻ നദാൽ പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം ഡച്ച് താരം താരത്തിന് കടുത്ത തിരിച്ചടി നൽകി.
ആദ്യ സെറ്റിൽ ഡച്ച് എതിരാളിക്ക് കടുത്ത പോരാട്ടം നദാൽ നൽകിയെങ്കിലും അവസാനം 29 കാരനായ താരം ലീഡ് നേടുകയും ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, തുടക്കം മുതൽ ഡച്ച് താരം ആധിപത്യം പുലർത്തിയതോടെ രണ്ടാം സെറ്റിന്‍റെ തുടക്കം വ്യത്യസ്തമായി. തിരിച്ചുവരവിനുള്ള ധൈര്യം കാണിച്ച നദാൽ 1-4ന് വീണപ്പോൾ 3-4ന് മുന്നിലെത്തി. എന്നാൽ സാല്‍ഡ്ഷുല്‍പ്പ് തന്‍റെ സംയമനം നിലനിർത്തി രണ്ടാം സെറ്റും 6-4 ന് സ്വന്തമാക്കി.